ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചു; മാനനഷ്ടക്കേസിൽ വിധി കേൾക്കാൻ സുൽത്താൻപൂരിലേക്ക് പോകുംവഴി അപകടം, രാഹുൽ ഗാന്ധി സുരക്ഷിതൻ

Current: മലയാളം

സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിച്ചു.
സുല്‍ത്താന്‍പൂരിലെ ഹലിയാപ്പൂര് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ 89.5 കിലോമീറ്റര്‍ മാര്‍ക്കിന് സമീപം തിങ്കളാഴ്ചയായിരുന്നു അപകടം. രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടാതെ സുരക്ഷിതമായി തുടര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
രാഹുലിന്റെ വാഹനത്തിന് പിന്നാലെ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
2018-ല്‍ അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ വിധി കേള്‍ക്കുന്നതിനായി ലഖ്നൗവില്‍ നിന്ന് സുല്‍ത്താന്‍പൂരിലെ പ്രത്യേക എം.പി/എം.എല്‍.എ കോടതിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
2018 ഓഗസ്റ്റ് 4-നാണ് ബി.ജെ.പി നേതാവ് വിജയ് മിശ്ര രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. കേസില്‍ വിധി പ്രസ്താവിക്കുന്നതിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.






