16.514 കിലോ സ്വർണക്കമ്മലുകൾ; ഇരട്ട ഗിന്നസ് റെക്കോർഡ് നേടി ജോയ്ആലുക്കാസ് | Joyalukkas Mayura Sahasra

Current: മലയാളം

കൊച്ചി: ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ സ്വർണക്കമ്മലുകൾ നിർമിച്ച് ഇരട്ട ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് (Joyalukkas Mayura Sahasra). 22 കാരറ്റ് സ്വർണത്തിൽ നിർമിച്ച കമ്മലുകളുടെ ആകെ ഭാരം 16.514 കിലോഗ്രാമാണ്. ഇന്ത്യൻ മയിലിന്റെ സൗന്ദര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ഈ ആഭരണങ്ങൾക്ക് ‘മയൂര സഹസ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ആയിരം മയിലുകൾ’ എന്നാണ് ഈ പേരിന്റെ അർഥം.
പരമ്പരാഗത ജിമിക്കി ശൈലിയിൽ രൂപകൽപ്പന ചെയ്ത കമ്മലുകൾ 55 കലാകാരന്മാർ ചേർന്ന് 5,840 മണിക്കൂറിലധികം സമയമെടുത്താണ് നിർമിച്ചത്. ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലുള്ള ജോയ്ആലുക്കാസിന്റെ ‘ജ്യുവൽ ഓഫ് ജോയ്’ ഷോറൂമിലാണ് കമ്മലുകൾ പ്രദർശിപ്പിച്ചത്.
മുൻ റെക്കോർഡിനേക്കാൾ അഞ്ചിരട്ടിയിലധികം ഭാരം
മുൻ ലോക റെക്കോർഡിനേക്കാൾ അഞ്ചിരട്ടിയിലധികം ഭാരമുള്ളതാണ് ‘മയൂര സഹസ്ര’ കമ്മലുകളെന്ന് കമ്പനി അറിയിച്ചു. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയാണ് ആഭരണങ്ങൾ അനാച്ഛാദനം ചെയ്തത്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി രണ്ട് റെക്കോർഡുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസിനും ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസിനും കൈമാറി.
ദുബായ് നഗരത്തിനുള്ള ആദരവായാണ് ഈ ആഭരണങ്ങളെ കാണുന്നതെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. കമ്മലുകളുടെ നിർമാണത്തിൽ പങ്കാളികളായ ജീവനക്കാർക്കായി റെക്കോർഡ് സമർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സൗജന്യമായി കാണാം
‘മയൂര സഹസ്ര’ കമ്മലുകൾ വിൽപ്പനയ്ക്കുള്ളതല്ല. ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ ‘ജ്യുവൽ ഓഫ് ജോയ്’ ഷോറൂമിൽ ഇവ സ്ഥിരമായി പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി കമ്മലുകൾ കാണാനുള്ള സൗകര്യമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
Story Summary:
Joyalukkas has secured two Guinness World Records with its gold earrings named ‘Mayura Sahasra’, weighing a total of 16.514 kg and crafted from 22-karat gold. Inspired by the Indian peacock, the traditional jhumka-style earrings were created by 55 artisans over more than 5,840 hours. They will be displayed free of charge at Joyalukkas’ Jewel of Joy showroom in Dubai Gold District.






