ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അപകടം. ഏഴാംക്ലാസ് വിദ്യാർഥിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

Current: മലയാളം

റാന്നി: ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച ഏഴാംക്ലാസ് വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. അടിച്ചിപ്പുഴ പള്ളിക്കൂടത്തിങ്കൽ ബിനുവിന്റെ മകൻ അലക്സാണ്ടർ (12) ആണ് മരിച്ചത്.
റാന്നി എസ്സി യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അലക്സാണ്ടർ. തിങ്കൾ പകൽ മൂന്നോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മന്ദമരുതിക്കും മക്കപ്പുഴക്കും ഇടയിലായിരുന്നു അപകടം.
ഇവർ മന്ദമരുതിയിൽ നിന്ന് മക്കപ്പുഴയിലേക്ക് പോകുമ്പോൾ റോഡിന് ഇടതുവശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷക്കാരനുമായി സ്കൂട്ടർ നിർത്തി സംസാരിച്ചു. പിന്നീട് റോഡിലേക്ക് സ്കൂട്ടർ തിരിച്ച് ഇറങ്ങിയപ്പോൾ കാർ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു.
സ്കൂട്ടറിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ അലക്സാണ്ടറിന്റെ ശരീരത്തിലൂടെ തൊട്ടു പിന്നാലെ വന്ന കാർ കയറിയിറങ്ങി. ഉടൻ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബന്ധുവിന് പരിക്കില്ല. അമ്മ: ലൗലി. സഹോദരി: ഏഞ്ചൽ.






