"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാന പ്രവണതകൾ കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകളെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നബാർഡ് തുടങ്ങിയ ഏജൻസികളെയും ഉൾപ്പെടുത്തി സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കാനും നിലവിലുള്ള വിവിധ ഫണ്ട് സ്രോതസ്സുകൾ ഏകോപിപ്പിച്ച് ഫലപ്രദമായി വിനിയോഗിക്കാനും തീരുമാനിച്ചു. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ കൃഷി മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.


ജലസ്രോതസ്സുകളുടെ സംരക്ഷണം, തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, ജലനിയന്ത്രണ സംവിധാനങ്ങൾ, ഡ്രിപ്പ് ഇറിഗേഷൻ, മഴവെള്ള സംഭരണം, ജലസംഭരണ കിണറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കും. 


കാർഷിക മേഖലയിൽ ഹരിതാവരണം വർധിപ്പിച്ച് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും നേരിട്ടുള്ള സൂര്യപ്രകാശം മൂലമുള്ള ആഘാതങ്ങൾ കുറയ്ക്കുന്നതിനുമുള്ള നടപടികളും കർമപദ്ധതിയിൽ ഉൾപ്പെടുത്തും.

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ ഗൗരവത്തോടെ കണ്ട് ഭൂമിയെയും കാർഷികവൃത്തിയെയും വിളകളെയും സംരക്ഷിക്കുന്നതിനുള്ള വിപുലമായ ദൗത്യത്തിന് തുടക്കമിടേണ്ടതുണ്ടെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. 


വിവിധ വകുപ്പുകളുടെ ഫണ്ടുകൾ ഏകോപിപ്പിച്ച് ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനായി വകുപ്പുകൾ സംയുക്തമായി യോഗം ചേർന്ന് അടിയന്തരമായി പ്രവർത്തനരൂപരേഖ തയ്യാറാക്കണമെന്നും മന്ത്രി നിർദേശിച്ചു.


സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്ന് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വിലയിരുത്തുകയും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. 

പഞ്ചായത്ത് തലത്തിലും പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങളുടെ പുരോഗതി ഇടവേളകളിൽ വിലയിരുത്തി തുടർനടപടികൾ ഉറപ്പാക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ കുട്ടനാടിന് പ്രത്യേക പരിഗണന നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. ജലവിഭവ, റവന്യൂ വകുപ്പുകളുടെ മന്ത്രിമാരുമായി കൂടിയാലോചിച്ച് കുട്ടനാടിനായി പ്രത്യേക ദൗത്യം രൂപപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വ്യക്തമാക്കി.


വരും വർഷങ്ങളിൽ താപനിലയും ജലക്ഷാമവും വർധിക്കാനുള്ള സാധ്യത ആശങ്കാജനകമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.


സംസ്ഥാനത്ത് നിലവിൽ 28 ശതമാനം മഴക്കുറവുണ്ടെന്നും താപനിലയിൽ ചിലയിടങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമായ മേഖലകൾ കണ്ടെത്തുകയും ജലസംരക്ഷണത്തിനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം നിർദേശിച്ചു.


കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ മാത്രമല്ല, പ്രകൃതിദത്ത ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. 


പ്രകൃതിദത്ത നീരൊഴുക്കുകളും തോടുകളും സംരക്ഷിക്കുന്നതിനും മാലിന്യസംസ്‌കരണത്തിലൂടെയും ശുചീകരണ പ്രവർത്തനങ്ങളിലൂടെയും ജലസ്രോതസ്സുകൾ വീണ്ടെടുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തും. കാർഷിക മേഖലയെ കാലാവസ്ഥാ വെല്ലുവിളികളിൽനിന്ന് സംരക്ഷിക്കുന്നതിനായി കൃഷിവകുപ്പുമായി സഹകരിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെയും കുട്ടനാട്ടിലെ വെല്ലുവിളികളെയും നേരിടാൻ മുൻഗണനകൾ നിശ്ചയിച്ച് ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി പ്രശ്‌നപരിഹാരത്തിന് ഈ സർക്കാർ മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 


കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജലസംരക്ഷണം, വെള്ളപ്പൊക്ക പ്രതിരോധം, ജലനിർഗമനം, ബണ്ട് സംരക്ഷണം, കാർഷിക കലണ്ടർ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണം. ഇതിനായി ജലവിഭവ വകുപ്പിന്റെ പൂർണ പിന്തുണയും മന്ത്രി ഉറപ്പുനൽകി.


2018-ലെ പ്രളയത്തിനും തുടർന്നുണ്ടായ കാലാവസ്ഥാ ദുരന്തങ്ങൾക്കും ശേഷം കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. പ്രകൃതിദത്ത നീരൊഴുക്കുകളും തോടുകളും ജലാശയങ്ങളും സംരക്ഷിക്കുന്നതിനും വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും കാർഷിക അഭിവൃദ്ധി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. ഇതിനാവശ്യമായ നിയമഭേദഗതികളും കൃത്യമായ പദ്ധതികളും പരിഗണിക്കുമെന്നും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതികൾക്ക് റവന്യൂ വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ, കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

 

Get more updates from Pudukad News on Google