പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടം. പരാതി പറഞ്ഞിട്ടും സർക്കാർ അവഗണിക്കുന്നു. സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ. ടിക്കറ്റ് നിരക്കും വിദ്യാർത്ഥി കൺസെഷനും വർദ്ധിപ്പിക്കണമെന്ന് ആവശ്യം

Current: മലയാളം

കോട്ടയം: പ്രിയദർശിനി പദ്ധതി മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.
സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് രാവിലെ 10 മണി മുതലാണ് സമരം ആരംഭിക്കുന്നത്.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും സാധാരണക്കാരുടെ ടിക്കറ്റ് നിരക്കും വർദ്ധിപ്പിക്കുക, പത്മനാഭൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് ബസ് ഉടമകളുടെ നിലപാട്.
ഓരോ ദിവസവും രണ്ടുപേർ വീതമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം അനുഷ്ഠിക്കുന്നത്.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് കെ.കെ തോമസും വൈസ് പ്രസിഡന്റ് സി.മനോജ്കുമാറും നിരാഹാര സമരം അനുഷ്ഠിക്കും.
തൽക്കാലം ബസ് ഓട്ടം നിർത്തിവെച്ചുള്ള സമരത്തിലേക്ക് പോകുന്നില്ലെങ്കിലും, സർക്കാർ ചർച്ചയ്ക്ക് തയ്യാറായി അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ശക്തമായ സമരരീതികളിലേക്ക് കടക്കുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
മുമ്പ് സർക്കാരുമായി പല ഘട്ടങ്ങളിൽ ചർച്ചകൾ നടത്തുകയും കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നെങ്കിലും, പ്രശ്നങ്ങൾ പരിഹരിക്കാൻ അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് ഉടമകൾ ആരോപിക്കുന്നു.
ഇതിനെത്തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാൻ ബസ് ഉടമകൾ തീരുമാനിച്ചത്.






