പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ രക്ഷപ്പെട്ട പ്രതി പിടിയിൽ

തൃശൂർ വിയ്യൂർ ജയിലിന് സമീപത്ത് നിന്നും കൈ വിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ റിമാൻഡ് പ്രതി പിടിയിൽ. വിയ്യൂർ ജയിലിനു സമീപം പാടുകാട് നിന്നും ഇന്ന് രാവിലെയാണ് ഇയാൾ തൃശൂർ കൺട്രോൾ റൂം പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ജയിലിനു സമീപത്ത് വച്ച് പോലീസ് വാഹനത്തിൽ നിന്നും ആണ് ഇയാൾ രക്ഷപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജ് പോലീസ് കഴിഞ്ഞദിവസം അടിപിടി കേസിൽ അറസ്റ്റ് ചെയ്ത കോലഴി സ്വദേശി 22 വയസ്സുള്ള ആഷിക് ആണ് രക്ഷപ്പെട്ടത്. കേസിൽ കോടതി റിമാൻഡ് ചെയ്ത ആഷിക്കിനെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ ജയിലിനു മുന്നിൽ വച്ച് പോലീസ് വാഹനത്തിൽ നിന്നും കൈവിലങ്ങുമായി ഇറങ്ങി ഓടുകയായിരുന്നു. എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ പുറകെ ഓടിയെങ്കിലും ആഷിക്കിനെ പിടികൂടാനായിരുന്നില്ല കൈവിലങ്ങ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. സിറ്റി പോലീസ് നടത്തിയ വ്യാപക തിരച്ചിലിന് ഒടുവിൽ കൺട്രോൾ റൂം പോലീസ് സംഘമാണ് റോഡിലൂടെ നടന്നുവരികയായിരുന്ന പ്രതിയെ പിടികൂടിയത്. തുടർന്ന് നടപടികൾക്കായി പ്രതിയെ വിയ്യൂർ പോലീസിന് കൈമാറി.


