അസമിൽ ബാലവിവാഹത്തിനെതിരെ വ്യാപക റെയ്ഡ്; 524 പേർ അറസ്റ്റിൽ, 441 കേസുകൾ രജിസ്റ്റർ ചെയ്ത് കേസ്; കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

Current: മലയാളം

ഗുവാഹത്തി: അസമില്‍ ബാലവിവാഹത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കിയ നടപടികളുടെ ഭാഗമായി 524 പേര് അറസ്റ്റിലാവുകയും 441 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.
ബാലവിവാഹത്തില്‍ പങ്കാളികളായ ആരെയും വെറുതെ വിടില്ലെന്നും ഈ സാമൂഹിക തിന്മയില് നിന്ന് അസമിനെ പൂര്‍ണ്ണമായി മുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ നിലവിലെ വിവരങ്ങള്‍ പങ്കുവെച്ചത്.
പുതിയതായി ആരംഭിച്ച പരിശോധനകളില്‍ ധുബ്രി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് കസ്റ്റഡിയിലായത്. ജില്ലയിലെ ഒന്‍പത് പോലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ നിന്നായി 63 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാലവിവാഹം കഴിച്ചവര്‍ക്ക് പുറമെ ഇതിന് ഒത്താശ ചെയ്ത മാതാപിതാക്കളും രക്ഷിതാക്കളും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു.
ധുബ്രി സദാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് 18 പേരെയും ഗോലാക്ഗഞ്ചില് നിന്ന് 15 പേരെയും ബിലാസിപാറയില് നിന്ന് 9 പേരെയും ഗൗരിപൂരില്‍ നിന്ന് 8 പേരെയും ചാപ്പര്‍, ഫകീര്ഗഞ്ച് എന്നിവിടങ്ങളില്‍ നിന്ന് 5 പേരെ വീതവുമാണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തുടനീളം പോലീസ് പരിശോധനകള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.





