"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
കൽക്കരി വിലവർധനവ് കെഎസ്ഇബിക്കും വിനയാകുന്നു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യത്തിൽ, അധികബാധ്യത ഇന്ധന സർച്ചാർജ് ഇനത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലേക്ക് എത്തും. കൽക്കരി ലഭ്യതക്കുറവും വിലവർധനവും കാരണം താപനിലയങ്ങളിലെ ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നത് ബോർഡിന്റെ വൈദ്യുതി വാങ്ങൽ ചെലവ് വലിയ തോതിൽ ഉയർത്തുന്നുണ്ട്   •  ഡൽഹിയിൽ വാഹനത്തിൽ പേപ്പർ റോൾ കയറ്റുന്നതിനിടെ അപകടം: 27-കാരന് ദാരുണാന്ത്യം, അശ്രദ്ധമൂലമുള്ള മരണത്തിന് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്   •  കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ   •  പൊൻമുടി ഇക്കോ ടൂറിസം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു   •  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തേക്കും; സഭയിൽ ഓർഡിനൻസ് കൊണ്ടുവരാൻ ഭരണ-പ്രതിപക്ഷ ധാരണ   •  

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തേക്കും; സഭയിൽ ഓർഡിനൻസ് കൊണ്ടുവരാൻ ഭരണ-പ്രതിപക്ഷ ധാരണ

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെകടന്നുപോകുന്ന വേളയില്‍, കേരളത്തിലെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും പ്രതിമാസ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ ഇന്ന് തീരുമാനം എടുക്കും.


നിലവില്‍ അലവന്‍സുകള്‍ ഉള്‍പ്പെടെ എംഎല്‍എമാര്‍ക്ക് പ്രതിമാസം 70,000 രൂപയും മന്ത്രിമാര്‍ക്ക് 97,429 രൂപയുമാണ് ലഭിക്കുന്നത്. എംഎല്‍എമാരുടേ ശമ്പളം ഒരുലക്ഷമായും മന്ത്രിമാരുടെ ശമ്പളം ഒന്നരലക്ഷമായും വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.


മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശമ്പളവും കൂട്ടും.മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷനെ നിയോഗിച്ചിരുന്നു.കമ്മീഷന്‍ 2025ല്‍ തന്നെ റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും മന്ത്രിസഭ തീരുമാനം എടുത്തിരുന്നില്ല. 

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും 35 ശതമാനം വരെ വര്‍ധിപ്പിക്കാനായിരുന്നു റിപോര്‍ട്ടിലെ ശുപാര്‍ശ.


റിപോര്‍ട്ട്പല തവണ റിപോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ തന്നെ ഇടപെട്ട് മാറ്റി വെയ്പ്പിക്കുകയായിരുന്നു വിവാദം ഭയന്ന് മുന്‍സര്‍ക്കാര്‍ മാറ്റിവെച്ച മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പള പരിഷ്‌കരണത്തിലാണ് വി.ഡി.സതീശന്‍ സര്‍ക്കാര്‍ ഇന്ന് ധൈര്യപൂര്‍വംതീരുമാനം എടുക്കാന്‍ പോകുന്നത്. 


നിയമസഭയുടെ കാര്യോപദേശക സമിതിയില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു.പ്രതിപക്ഷത്തിനും യോജിപ്പുളള വിഷയം ആയതിനാല്‍ ശമ്പള പരിഷ്‌കരണത്തില്‍ വിവാദമോ രാഷ്ട്രീയ പോരോ ഉണ്ടാകാന്‍ സാധ്യതയില്ല.

ഇത് മനസിലാക്കിയാണ് കഴിഞ്ഞ ദിവസം നടന്ന എം.എല്‍.എ ഹോസ്റ്റലിന്റെ പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ശമ്പള പരിഷ്‌കരണം ഉടന്‍ ഉണ്ടാകുമെന്ന പ്രസ്താവന നടത്തിയത്. ഏറ്റവും ഒടുവില്‍ 2018ലാണ് കേരളത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചത്. 

ശമ്പള വര്‍ദ്ധന നിര്‍ദേശിക്കുന്ന ബില്ലിന്റെ കരട്മന്ത്രിസഭാ യോഗം പാസാക്കി ഇന്ന് തന്നെ ഗവര്‍ണറുടെ അനുമതിക്ക് അയക്കും. നാളെ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാനാണ് തീരുമാനം.നിയമസഭയില്‍ ബില്ല് പാസായി ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ മാത്രമേ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരു.


ജീവിതച്ചെലവ് ഗണ്യമായി വര്‍ദ്ധിച്ചതോടെ ഇപ്പോഴത്തെ ശമ്പളവും അലവന്‍സും കൊണ്ട് പിടിച്ച് നില്‍ക്കാന്‍ പ്രയാസമാണെന്നാണ് എം.എല്‍.എമാരുടെ പരിദേവനം. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കും ഇതേ അഭിപ്രായമാണ്. ഭരണപക്ഷവും പ്രതിപക്ഷവും യോജിപ്പിന്റെ തലം കണ്ടെത്തുന്ന അപൂര്‍വ സന്ദര്‍ഭങ്ങളിലൊന്നാണിത്.


ദിവസേനയുള്ള ഭരണച്ചെലവുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുക കണ്ടെത്താന്‍ തടസ്സം നേരിടുന്ന ഘട്ടത്തിലാണ് ഈ വര്‍ദ്ധനവ് നടപ്പിലാക്കുന്നത്. 140 എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും വരുന്ന ശമ്പള വര്‍ദ്ധനവും, യാത്ര, ഓഫീസ്, ഫോണ്‍ അലവന്‍സുകളിലെ വര്‍ദ്ധനവും പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത സംസ്ഥാന ഖജനാവിന്മേല്‍ വരുത്തിവെക്കുമെന്ന് ഉറപ്പാണ്.

വായ്പാ പരിധി കുറഞ്ഞതും നികുതിയിതര വരുമാനത്തിലെ ഇടിവും കാരണം കരാറുകാരുടെ കുടിശ്ശികകളും മരുന്ന് കമ്പനികള്‍ക്കുളള കുടിശികയും മറ്റും വൈകുന്ന സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധനവ് സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.


വിലക്കയറ്റവും നികുതിഭാരവും കാരണം സാധാരണക്കാരന്‍ ജീവിതച്ചെലവുകള്‍ കണ്ടെത്താന്‍ പാടുപെടുമ്പോള്‍ ജനപ്രതിനിധികള്‍ സ്വന്തം വേതനം കൂട്ടുന്നത് പൊതുജനങ്ങളില്‍ വലിയ അതൃപ്തി ഉണ്ടാക്കും. ജനങ്ങളുടെ കഷ്ടപ്പാടുകളില്‍ ഒപ്പം നില്‍ക്കേണ്ടവര്‍ സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് സ്വന്തം ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ഭരണസംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത കുറയാന്‍ കാരണമാകും. 


ജീവിതച്ചെലവുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ (പെട്രോള്‍ ചെലവ്, ഓഫീസ് നടത്തിപ്പ്, മണ്ഡലത്തിലെ പൊതുപരിപാടികള്‍) സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നത് എം.എല്‍.എമാര്‍ക്ക് പൊതുസേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുമെന്നാണ് ശമ്പള പരിഷ്‌കരണത്തെ അനുകൂലിക്കുന്നവരുടെ വാദം. 

തെലങ്കാന (2.5 ലക്ഷം), കര്‍ണാടക (2 ലക്ഷത്തിലധികം) തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനപ്രതിനിധികളുടെ ആനുകൂല്യം കുറവാണെന്നും, 2018-ന് ശേഷം (8 വര്‍ഷമായി) ശമ്പളം പരിഷ്‌കരിച്ചിട്ടില്ലെന്നതും ഇവര്‍ വാദിക്കുന്നു.

 

Get more updates from Pudukad News on Google