ബാർ പാർക്കിംഗ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

അന്തിക്കാട്: ബാർ പാർക്കിംഗ് ഗ്രൗണ്ടിൽ ഉണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് വെളുത്തൂർ സ്വദേശി നായിലശ്ശേരി വീട്ടിൽ മിഥുൻ (33) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
2026 സെപ്റ്റംബർ 26-ന് രാത്രി 9.20-ഓടെ കുന്നത്തങ്ങാടി ഹിൽടോപ്പ് ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. കാരമുക്ക് ഹരിതനഗർ സ്വദേശി താഴത്ത് വീട്ടിൽ വിഷ്ണു (33) വിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരാതിക്കാരന്റെ സുഹൃത്തുക്കളും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കവും ഉന്തുംതള്ളും കണ്ട് തടയാൻ ശ്രമിച്ചതിലുള്ള വിരോധത്തെത്തുടർന്നാണ് പ്രതികൾ പരാതിക്കാരനെ ആക്രമിച്ചത്. ആക്രമണത്തിൽ പരാതിക്കാരന്റെ ഇടതുകവിളിലെ അസ്ഥിക്ക് പൊട്ടലേൽക്കുകയും ശരീരത്തിൽ മറ്റ് പരിക്കുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി അന്തിക്കാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
മിഥുൻ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലും കൊല്ലംങ്കോട് എക്സൈസ് ഓഫീസ് പരിധിയിലുമായി വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഋഷിപ്രസാദ്, വിഷ്ണു പ്രസാദ്, സി പി ഒ മാരായ കിരൺ, സമീർ, കൃപാഷ്, മണി, ക്രൈം ഷാഡോ പോലീസ് അംഗങ്ങളായ ജി എസ് സി പി ഒ കൃഷ്ണദാസ്, സി പി ഒ മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്




