കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ, ജിജോ ജെയിംസിന് സസ്പെൻഷൻ

Current: മലയാളം

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അധ്യാപകൻ.
എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നു.
കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂർവമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കായികമേളയുടെ സംഘാടകരും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയും സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഇടപെടലുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. കോഴിക്കോട് എൻഐടി മൈതാനത്ത് നടക്കുന്ന കായികമേളയുടെ ഭക്ഷണവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. കായികതാരങ്ങൾക്കും മറ്റുള്ളവർക്കുമായി തയ്യാറാക്കിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്നായിരുന്നു ആരോപണം.
ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് അവകാശപ്പെട്ട് ജിജോ ജെയിംസ് ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.
സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകളും പ്രതിഷേധങ്ങളും ഉയർന്നു. സംഭവത്തെ തുടർന്ന് ഭക്ഷണവിതരണ കേന്ദ്രത്തിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും കായികമേളയുടെ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു.
എന്നാൽ, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം സംഘാടകർ നിഷേധിച്ചു. പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതായാണ് പൊലീസിന്‍റെ വിശദീകരണം. ഭക്ഷണത്തിൽ നിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.





