നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പകൽക്കൊള്ള; പാവപ്പെട്ട പ്രവാസികളോടുള്ള വെല്ലുവിളി — പിസിഎഫ് കുവൈറ്റ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

കുവൈറ്റ്: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ വൻതോതിൽ വർധിപ്പിച്ച നടപടി പകൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് പിസിഎഫ് കുവൈറ്റ് അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ, പ്രവാസികൾക്ക് അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്തുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയൊരു ആശ്വാസമായിരിക്കേണ്ട ഇൻഷുറൻസ് പദ്ധതി, അമിതമായ പ്രീമിയം വർധനവിലൂടെ അവർക്കുതന്നെ ഭാരമായി മാറുകയാണ്.
കുറഞ്ഞ വരുമാനത്തിൽ ജീവിതച്ചെലവുകളും കുടുംബത്തിന്റെ ബാധ്യതകളും താങ്ങിനിൽക്കുന്ന പാവപ്പെട്ട പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കുന്ന ഈ നടപടി പ്രവാസികളോടുള്ള കടുത്ത അനീതിയാണ്.
പ്രവാസികളുടെ വിയർപ്പും അധ്വാനവുംകൊണ്ട് നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നവരാണ് പ്രവാസികൾ. എന്നാൽ, അവരുടെ പ്രതിസന്ധികൾ മനസ്സിലാക്കി ആശ്വാസം നൽകേണ്ട യുഡിഎഫ് സർക്കാർ, പ്രീമിയം നിരക്കുകൾ കുത്തനെ ഉയർത്തി അവരെ സാമ്പത്തികമായി കൂടുതൽ ഞെരുക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പിസിഎഫ് കുവൈറ്റ് കുറ്റപ്പെടുത്തി.
പ്രവാസികളുടെ ക്ഷേമത്തിന്റെ പേരിൽ നടപ്പിലാക്കുന്ന പദ്ധതികൾ അവർക്കുതന്നെ താങ്ങാനാവാത്ത സാമ്പത്തികബാധ്യതയായി മാറുന്നത് അംഗീകരിക്കാനാവില്ല. പ്രീമിയം വർധനവ് അടിയന്തരമായി പിൻവലിക്കുകയും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം.
ഈ അനീതിക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങണം. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ നീതിപൂർവമായ ആവശ്യങ്ങൾ നേടിയെടുക്കാനും കൂട്ടായ പോരാട്ടം അനിവാര്യമാണ്. പ്രവാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഇത്തരം നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും പിസിഎഫ് കുവൈറ്റ് ശക്തമായി ആവശ്യപ്പെട്ടു.
റഹീം അരിക്കാടി
60386875
Get more updates from Pudukad News on Google





