കടുത്ത ചൂട് ഗർഭിണികൾക്കും ഗർഭസ്ഥശിശുക്കൾക്കും ഭീഷണി; മാസം തികയാതെയുള്ള പ്രസവസാധ്യത ഉയരുന്നതായി പഠനം | Heatwaves and Pregnancy Risks

Current: മലയാളം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വർധിക്കുന്ന ഉഷ്ണതരംഗങ്ങൾ ഗർഭിണികളുടെയും ഗർഭസ്ഥശിശുക്കളുടെയും ആരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്നതായി പുതിയ പഠനങ്ങൾ. ഗർഭം അലസൽ, പ്രസവസമയത്തെ സങ്കീർണതകൾ, മാസം തികയാതെയുള്ള പ്രസവം, ഗർഭസ്ഥശിശുവിന്റെ മരണം തുടങ്ങിയ അപകടസാധ്യതകൾ ചൂട് വർധിക്കുന്നതിനനുസരിച്ച് ഉയരാമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ചൂടുള്ള മരുഭൂമികളിൽ മാത്രം ജീവിക്കുന്ന സ്ത്രീകളല്ല, സാധാരണയായി തണുപ്പോ മിതമായ ചൂടോ അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ ഗർഭിണികളും അപകടസാധ്യത നേരിടുന്നുണ്ടെന്ന് റോയിട്ടേഴ്സിന്റെ അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. (Heatwaves and Pregnancy Risks)
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്നുള്ള ഗവേഷക ദർശ്നിക ലഖൂവിന്റെ അനുഭവവും ഈ ഭീഷണിയുടെ ഗൗരവം വ്യക്തമാക്കുന്നു. ഗർഭകാലത്ത് ചൂടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്ന അവർക്ക് ഇരട്ടക്കുട്ടികളായിരുന്നു. ഗർഭകാലത്ത് രക്തസമ്മർദം ഉയരുകയും പ്ലാസന്റയിലേക്കുള്ള രക്തപ്രവാഹത്തിൽ തകരാറുകൾ കണ്ടെത്തുകയും ചെയ്തു. പിന്നീട് പ്രീക്ലാംപ്സിയയുടെ ലക്ഷണങ്ങളും പ്രകടമായി. 2024 നവംബറിൽ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നിശ്ചയിച്ചതിലും ആറാഴ്ച മുമ്പ് ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തു. ഇരുവർക്കും തീവ്രപരിചരണം ആവശ്യമായി വന്നു. ചൂട് മാത്രമാണ് ഈ സങ്കീർണതകൾക്ക് കാരണമെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും, അത് അപകടസാധ്യത വർധിപ്പിച്ചിരിക്കാമെന്ന് ഗവേഷക പറയുന്നു.
ലഖൂവും സംഘവും ഏകദേശം 200 ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ചപ്പോൾ, ഗർഭിണികൾ താമസിക്കുന്ന പ്രദേശത്തെ ശരാശരി താപനിലയിൽ ഓരോ ഡിഗ്രി സെൽഷ്യസ് വർധനയുണ്ടാകുമ്പോഴും തുടർന്നുള്ള ദിവസങ്ങളിൽ മാസം തികയാതെയുള്ള പ്രസവസാധ്യത നാല് ശതമാനം ഉയരുന്നതായി കണ്ടെത്തി. ഉഷ്ണതരംഗത്തിന് ശേഷമുള്ള ഒരാഴ്ചയ്ക്കുള്ളിൽ ഈ സാധ്യത 26 ശതമാനം വരെ വർധിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. ചൈനയിൽ രണ്ട് ദശലക്ഷം സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ അസാധാരണമായ ഉയർന്ന താപനില പ്രീക്ലാംപ്സിയയ്ക്കുള്ള സാധ്യത 13 ശതമാനം വർധിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. മെക്സിക്കോയിലെ എട്ട് ദശലക്ഷത്തിലധികം പ്രസവരേഖകൾ പരിശോധിച്ച റോയിട്ടേഴ്സ് വിശകലനത്തിൽ, പ്രസവത്തിന് തൊട്ടുമുമ്പുള്ള നാലാഴ്ചയിൽ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ടപ്പോൾ മാസം തികയാതെയുള്ള പ്രസവനിരക്ക് ശരാശരി 6.5 ശതമാനം ഉയർന്നു. ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ട സാഹചര്യങ്ങളിൽ വർധന 18 ശതമാനം വരെയായിരുന്നു.
ദരിദ്രരായ സ്ത്രീകൾ, പ്രായം കൂടിയ ഗർഭിണികൾ, പുകവലിക്കുന്നവർ, സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരിൽ ചൂടിന്റെ ആഘാതം കൂടുതൽ രൂക്ഷമാകാമെന്ന് ഗവേഷകർ പറയുന്നു. ഇരട്ടഗർഭധാരണവും പ്രത്യേക അപകടസാധ്യതയുള്ള സാഹചര്യമാണ്. ഉയർന്ന താപനില ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിക്കുകയോ ഗർഭസ്ഥശിശുവിന്റെ ഹൃദയത്തിന് അധിക സമ്മർദമുണ്ടാക്കുകയോ ചെയ്യാമെന്നാണ് ശാസ്ത്രജ്ഞരുടെ ചില നിഗമനങ്ങൾ. എന്നാൽ ചൂട് കൃത്യമായി എങ്ങനെയാണ് ഗർഭാവസ്ഥയെ ബാധിക്കുന്നതെന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഇന്ത്യയിലും ഉഷ്ണതരംഗങ്ങളുമായി ബന്ധപ്പെട്ട് നവജാതശിശുക്കൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ഗർഭിണികൾക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക, ചൂടുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തുക, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, തണുപ്പുള്ള സമയങ്ങളിൽ പരിശോധനകൾ ക്രമീകരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. വായുസഞ്ചാരവും തണുപ്പിക്കൽ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനൊപ്പം, ഗർഭകാലത്ത് ആവശ്യമായ വിശ്രമവും ജോലിയിൽനിന്നുള്ള അവധിയും ലഭ്യമാക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വീടുകളിൽ എയർ കണ്ടീഷണർ ഉള്ളത് വെറും 7.5 ശതമാനത്തോളം മാത്രമാണ്. അതിനാൽ വ്യക്തിഗത മുൻകരുതലുകൾക്കൊപ്പം പൊതുജനാരോഗ്യ സംവിധാനങ്ങളും തൊഴിൽനയങ്ങളും കാലാവസ്ഥാ ഭീഷണി കണക്കിലെടുത്ത് മാറേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
Summary: Rising temperatures and heat waves are increasing health risks for pregnant women and their babies, including preterm births, stillbirths and pregnancy complications. Research reviewed by Reuters found that even moderate temperature increases can raise these risks, while experts recommend better hydration, cooling facilities and heat-aware maternity care.





