‘രാഹുൽ’, ‘ഗാന്ധി’ പേരുകളിലെ അവസാന അക്ഷരവും ഒഴിവാക്കണോ? രാഹുലിനെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ | Himanta Biswa Sarma Rahul Gandhi remarks

Current: മലയാളം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ‘സീതാരാമ’ എന്ന് അഭിസംബോധന ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ശ്രദ്ധ നേടാനായി പേരിന്റെ അവസാന അക്ഷരം ഒഴിവാക്കുന്ന പുതിയ രീതിയാണോ കോൺഗ്രസിന്റേതെന്ന് ചോദിച്ച ഹിമന്ത, രാഹുൽ, ഗാന്ധി എന്നീ പേരുകളിലെ അവസാന അക്ഷരവും ഒഴിവാക്കണോയെന്ന് പരിഹസിച്ചു. (Himanta Biswa Sarma Rahul Gandhi remarks)
ഒക്ടോബർ 28ന് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധി ധനമന്ത്രിയെ ‘ഡിയർ മിസിസ് സീതാരാമ’ എന്ന് വിശേഷിപ്പിച്ചത്. ടാറ്റ ട്രസ്റ്റ്സും ടാറ്റ സൺസും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടിനെ പരാമർശിച്ചായിരുന്നു രാഹുലിന്റെ കുറിപ്പ്. കൂടിക്കാഴ്ചയ്ക്ക് പിന്നിലെ നിയമപരവും വാണിജ്യപരവുമായ കാരണമെന്താണെന്നും ടാറ്റ ഗ്രൂപ്പിന്റെ ഏതെല്ലാം ഭാഗങ്ങളാണ് ചില വ്യവസായികൾക്ക് കൈമാറാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. രാഹുലിന്റെ പരാമർശത്തിനെതിരെ നിർമല സീതാരാമൻ നേരത്തെ രംഗത്തെത്തിയിരുന്നു. വാണിജ്യ-നിയമപരമായ വിഷയങ്ങളെ രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റരുതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. സംരംഭകരും വ്യവസായങ്ങളും തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കുന്നവരാണെന്നും കേന്ദ്രസർക്കാർ ഇന്ത്യൻ വ്യവസായ മേഖലയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. ശ്രദ്ധ നേടാനായി ധനമന്ത്രിയുടെ പേരിന്റെ അവസാന അക്ഷരം രാഹുൽ ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. സാമൂഹികമാധ്യമങ്ങളിലെ ഇത്തരം നീക്കങ്ങൾക്കുപകരം തിരഞ്ഞെടുപ്പുകളിലും വോട്ടെടുപ്പിലും ബിജെപിയെ നേരിടണമെന്നും കോൺഗ്രസിനോട് ഹിമന്ത ആവശ്യപ്പെട്ടു. ടാറ്റ ഗ്രൂപ്പിനെ കേന്ദ്രസർക്കാർ തകർക്കുകയാണെന്നും വ്യവസായികൾ ഭയംമൂലം മൗനം പാലിക്കുകയാണെന്നും രാഹുൽ നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസ്-ബിജെപി നേതാക്കൾ തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
Summary: Assam Chief Minister Himanta Biswa Sarma mocked Rahul Gandhi for addressing Finance Minister Nirmala Sitharaman as “Sitarama” in an X post. The exchange followed a public spat between Gandhi and Sitharaman over allegations involving the Tata Group and the Centre’s relationship with businesses.





