ഔദ്യോഗിക ഫാൻസ് ക്ലബ്ബുകളില്ലെന്ന് ജേസൺ സഞ്ജയ്; പേരിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ വ്യാജമെന്ന് മുന്നറിയിപ്പ് | Jason Sanjay fake fan clubs

Current: മലയാളം

തന്റെ പേരിൽ ഔദ്യോഗികമായി അംഗീകരിച്ച ഫാൻസ് ക്ലബ്ബുകളോ കമ്മ്യൂണിറ്റി ഗ്രൂപ്പുകളോ നിലവിലില്ലെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ജേസൺ സഞ്ജയ്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ മകനായ ജേസൺ, തന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുവെന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രൊഫൈലുകളുടെ വിവരങ്ങൾ പങ്കുവച്ച് പ്രസ്താവന ഇറക്കിയത്. (Jason Sanjay fake fan clubs)
താൻ ആരംഭിക്കുകയോ അംഗീകരിക്കുകയോ ചെയ്ത ഫാൻസ് ക്ലബ്ബുകൾ ഇല്ലെന്നും തന്റെ പേരിൽ പ്രവർത്തിക്കുന്ന മറ്റ് അക്കൗണ്ടുകളും പേജുകളും ഗ്രൂപ്പുകളും അനധികൃതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി പട്ടികപ്പെടുത്തിയ പ്രൊഫൈലുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും ആരാധകരിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് വിശദീകരണമെന്നും ജേസൺ പറഞ്ഞു. തന്റെ പേരോ ചിത്രങ്ങളോ സമാനമായ തിരിച്ചറിയൽ വിവരങ്ങളോ ഉപയോഗിച്ച് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകളിൽനിന്നുള്ള പോസ്റ്റുകൾക്കും സന്ദേശങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും തനിക്ക് ഉത്തരവാദിത്വമുണ്ടാകില്ലെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ‘ഔദ്യോഗിക ഫാൻസ് ക്ലബ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്കും പേജുകൾക്കും തന്റെ അംഗീകാരമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
സന്ദീപ് കിഷൻ നായകനായെത്തിയ ‘സിഗ്മ’യാണ് ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.
Summary: Director and actor Jason Sanjay has clarified that he has not authorised or established any official fan clubs or community groups. He warned that accounts and pages using his name or photographs without permission are fake and said he would not be responsible for their posts, messages or financial transactions.





