"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

ഓഹരി വിപണിയിൽ ഗൂഗിളിന് വൻ തിരിച്ചടി; ഒരൊറ്റ ദിവസം നഷ്ടപ്പെട്ടത് 500 ബില്യൺ ഡോളർ; ആശങ്കയിൽ അയർലൻഡിലെ മലയാളി നിക്ഷേപകരും

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആഗോള ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് (Alphabet Inc.). വ്യാഴാഴ്ച (ഒക്ടോബർ 29) നടന്ന വ്യാപാരത്തിൽ കമ്പനിയുടെ ഓഹരി വില 12.6 ശതമാനം ഇടിഞ്ഞതോടെ വിപണി മൂല്യത്തിൽ ഒറ്റ ദിവസം കൊണ്ട് ഏകദേശം 500 ബില്യൺ ഡോളറിന്റെ (50,000 കോടി ഡോളർ) കുറവുണ്ടായി.

കമ്പനിയുടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനുശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവാണിത്.മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) മേഖലയിലെ വൻ നിക്ഷേപങ്ങൾക്ക് അനുസൃതമായ വരുമാനം കമ്പനിക്ക് ലഭിക്കുന്നുണ്ടോ എന്ന ആശങ്കയാണ് വിപണിയിൽ പ്രധാനമായും പ്രതിഫലിച്ചത്.

ഗൂഗിളിന്റെ പ്രധാന വരുമാന സ്രോതസ്സായ സെർച്ച് പരസ്യ വിഭാഗത്തിലെ വളർച്ച പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്ന്. ഈ വിഭാഗത്തിലെ വരുമാന വളർച്ച 12 ശതമാനമായിരുന്നു.എ ഐ അധിഷ്ഠിത സെർച്ച് സംവിധാനങ്ങളുടെ വളർച്ച പരമ്പരാഗത ഗൂഗിൾ സെർച്ചിന്റെ ബിസിനസ് മാതൃകയെ ബാധിക്കുമോയെന്ന ആശങ്കയും നിക്ഷേപകർക്കിടയിൽ ശക്തമാണ്.

അതേസമയം, എ ഐ സാങ്കേതികവിദ്യയുടെ വികസനത്തിനും ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനുമായി കമ്പനി വൻതോതിൽ പണം ചെലവഴിക്കുന്നുണ്ട്. മൂന്നാം പാദത്തിൽ കമ്പനിയുടെ സ്വതന്ത്ര പണമൊഴുക്ക് (ഫ്രീ ക്യാഷ് ഫ്ലോ) 9.07 ബില്യൺ ഡോളർ നെഗറ്റീവായതും വിപണിയെ ആശങ്കയിലാക്കി. 2026-ൽ മാത്രം മൂലധന നിക്ഷേപം 205 ബില്യൺ ഡോളർ വരെ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.

ഗൂഗിളിന്റെ ഓഹരികളിലെ ഈ തകർച്ച അമേരിക്കൻ ഓഹരി വിപണിയെയും ബാധിച്ചു. സാങ്കേതികവിദ്യാ കമ്പനികളുടെ ഓഹരികളിൽ വിൽപ്പന സമ്മർദം ശക്തമായതോടെ നാസ്ഡാക് സൂചികയും ഇടിവ് രേഖപ്പെടുത്തി.

ഗൂഗിളിന്റെ ഓഹരി വിപണിയിലെ ഇടിവ് അയർലണ്ടിലെ നിരവധി മലയാളി ഓഹരി നിക്ഷേപകരെ നേരിട്ടു ബാധിച്ചു.അയർലൻണ്ടിനു പുറമേ അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണികളിൽ നേരിട്ടോ വിവിധ നിക്ഷേപ ഫണ്ടുകൾ വഴിയോ പണം നിക്ഷേപിച്ചിട്ടുള്ള മലയാളികൾക്കും ഈ സംഭവവികാസം തിരിച്ചടിയായി. ആൽഫബറ്റ് ഓഹരികളിൽ നേരിട്ട് നിക്ഷേപിച്ചവർക്കാണ് വിലയിടിവിന്റെ നേരിട്ടുള്ള ആഘാതം. അതേസമയം, ഗൂഗിൾ ഉൾപ്പെടുന്ന ടെക് ഓഹരി ഫണ്ടുകളിലും ചില ഇ ടി എഫ്-കളിലും നിക്ഷേപമുള്ളവർക്കും വിപണിയിലെ ചാഞ്ചാട്ടം ബാധിച്ചു

എ ഐ രംഗത്തെ കടുത്ത മത്സരവും അതിനായി ചെലവഴിക്കുന്ന ഭീമമായ തുകയും ഭാവിയിൽ എത്രത്തോളം ലാഭം സൃഷ്ടിക്കുമെന്ന ചോദ്യമാണ് ഇപ്പോൾ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികൾക്ക് പോലും എ ഐ നിക്ഷേപങ്ങളുടെ തിരിച്ചുവരവ് ഉറപ്പാക്കേണ്ടത് എത്രത്തോളം നിർണായകമാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

Get more updates from Pudukad News on Google