മദ്യപിച്ച് ബാറിനുള്ളിൽ ആക്രമണം ; പുല്ലൂറ്റ് സ്വദേശിയായ സ്റ്റേഷൻ റൗഡി അറസ്റ്റിൽ


കൊടുങ്ങല്ലൂർ : മദ്യപിച്ചുണ്ടായ വാക്കു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ബാറിനുള്ളിൽ വെച്ച് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പത്താഴക്കാട്ടിൽ വീട്ടിൽ ശ്യാംജിത്ത് (41) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പാറക്കൽ വീട്ടിൽ അഖിലിനെ (23) പോലീസ് അറസ്റ്റു ചെയ്തു.
സെപ്റ്റംബർ 26ന് രാത്രി പത്തര മണിയോടെ നാരായണമംഗലത്തുള്ള ബാറിനുള്ളിൽ വെച്ചാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനായി നിൽക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ ബാറിനുള്ളിൽ കിടന്നിരുന്ന കസേര ഉപയോഗിച്ച് അടിക്കുകയും, അവിടെ ഉണ്ടായിരുന്ന ഗ്ലാസ് എടുത്തെറിയുകയും സോഡാക്കുപ്പി ഉപയോഗിച്ച് മുഖത്തടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ പരാതിക്കാരന്റെ ഇടതു ഭാഗത്തെ കവിളെല്ലിനും വാരിയെല്ലിനും പൊട്ടലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, ആയുധ നിയമ പ്രകാരമുള്ള കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിലും, വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ കേസിലും, മൂന്ന് അടിപിടി കേസിലും, ആശുപത്രിയിൽ അതിക്രമിച്ച് കയറി ജീവക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലും, മനുഷ്യ ജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത രണ്ട് കേസിലും അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അഖിൽ. ഇതിനു പുറമെ കാപ്പ നിയമ പ്രകാരമുള്ള നാടുകടത്തലിനും കരുതൽ തടങ്കൽ നടപടിക്കും അഖിലിനെ വിധേയനാക്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ഐ എബിനും സംഘവുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്




