പുതുക്കാട് റെയില്‍വേ മേൽപ്പാലം; കേരളപ്പിറവി ദിനത്തിൽ ജനകീയ പ്രതിഷേധ സായാഹ്നം നടത്തുന്നു

പുതുക്കാട് റെയില്‍വേ മേൽപ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ ജനകീയ പ്രതിഷേധ സായാഹ്നം നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 01ന് വൈകിട്ട് 4ന് പാഴായി സെന്ററില്‍ നടക്കുന്ന ജനകീയ പ്രതിഷേധ സായാഹ്നം സാമൂഹ്യപ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. തുറന്നിടുന്നതിനേക്കാള്‍ കൂടുതല്‍ സമയം അടച്ചിടുന്നതു മൂലം പുതുക്കാട് റെയില്‍വേ ഗേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 6 പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പുതുക്കാട്. പാഴായി, ചെറുവാള്‍, നെടുമ്പാള്‍, കടലാശ്ശേരി, പറപ്പൂക്കര, വല്ലച്ചിറ, തൊറവ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ബന്ദിയാക്കപ്പെട്ട അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. പുതുക്കാട് തൊറവ് ഗേറ്റുകളെ ബന്ധിപ്പിക്കുന്ന പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനുള്ള സ്ഥലമെടുപ്പ് 2022 ല്‍ തന്നെ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. 2024 ല്‍ റെയില്‍വേയുടെ അനുമതിയും ലഭിച്ചു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണത്തിനായി മൂന്ന് തവണ ടെന്‍ഡര്‍ നടപടികള്‍ നടത്തി. എന്നാല്‍ ഏറ്റവും കുറഞ്ഞ നിരക്ക് തുകയേക്കാള്‍ 18.87% അധികമായതിനാല്‍, ആര്‍ബിഡിസികെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സാമ്പത്തിക അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടു പോകുന്ന പശ്ചാത്തലത്തിലാണ് ജനകീയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി പി.ജി. മോഹനന്‍, പ്രസിഡന്റ് കെ.സി. കാര്‍ത്തികേയന്‍, സെക്രട്ടറി ഇ.വി. അരുണ്‍ദാസ്, ട്രഷറര്‍ കെ.പി. പോള്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


