ട്രാക്ക് അറ്റകുറ്റപ്പണി: തൃശൂർ–എറണാകുളം റൂട്ടിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; ചിലത് റദ്ദാക്കി | Kerala train cancellations

Current: മലയാളം

തിരുവനന്തപുരം: ഒല്ലൂർ–പുതുക്കാട്, ഇരിഞ്ഞാലക്കുട–ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃശൂർ, എറണാകുളം റൂട്ടുകളിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി (Kerala train cancellations). ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കിയപ്പോൾ മറ്റുചിലത് ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
ഗുരുവായൂർ–തൃശൂർ പാസഞ്ചർ (56116): നവംബർ 4ന് വൈകിട്ട് 6.30ന് പുറപ്പെടേണ്ട സർവീസ് റദ്ദാക്കി.
തൃശൂർ–ഗുരുവായൂർ പാസഞ്ചർ (56115): നവംബർ 4ന് രാത്രി 8.10ന് പുറപ്പെടേണ്ട സർവീസ് റദ്ദാക്കി.
കൊല്ലം–എറണാകുളം ജങ്ഷൻ മെമു (66310): നവംബർ 20, 27 തീയതികളിൽ രാത്രി 9.05ന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട സർവീസുകൾ പൂർണമായും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306): നവംബർ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബർ 1, 4 തീയതികളിലും തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
ടാറ്റാനഗർ–എറണാകുളം എക്സ്പ്രസ് (18189): നവംബർ 12, 19, 26 തീയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
1. തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്പ്രസ് (16604)
നവംബർ 13, 15 തീയതികളിൽ കായംകുളം ജങ്ഷനും എറണാകുളം ടൗണിനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
ഈ ദിവസങ്ങളിൽ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ (സൗത്ത്) എന്നീ പതിവ് സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല.
പകരം ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്) എന്നീ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
2. ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128)
നവംബർ 13, 20, 27 തീയതികളിൽ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
3. മംഗളൂരു–തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)
നവംബർ 13, 20, 27 തീയതികളിൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
ഈ ദിവസങ്ങളിൽ എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗൺ (നോർത്ത്), കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്ക് പദ്ധതിയിടുന്നവർ യാത്രയ്ക്ക് മുമ്പ് പുതുക്കിയ സമയക്രമവും സ്റ്റോപ്പ് വിവരങ്ങളും റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകളിലൂടെ ഉറപ്പാക്കണം.
Story Summary:
Track maintenance work in the Ollur–Pudukad and Irinjalakuda–Chalakudy sections, as well as at Poonkunnam, Wadakkanchery and Ernakulam Junction yards, will affect train services on the Thrissur–Ernakulam routes. Three services have been fully cancelled, two partially cancelled, and three diverted via Kottayam on specified dates in November and December.





