ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി കെണിയൊരുക്കി വിളിച്ചുവരുത്തി; 17-കാരനെ കൊന്നത് ബെൽറ്റുകൊണ്ട് ശ്വാസം മുട്ടിച്ച്; പെൺകുട്ടിയടക്കം മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ | Thiruvananthapuram Pangappara murder

Current: മലയാളം

തിരുവനന്തപുരം: പാങ്ങപ്പാറയിൽ കാണാതായ 17-കാരനായ പ്ലസ് ടു വിദ്യാർഥി അഭിറാം എം.ഡി.യെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന കേസിൽ ഒരു പെൺകുട്ടിയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു (Thiruvananthapuram Pangappara murder). കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിന്റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് അഭിറാം വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താതിരിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് തിരോധാനത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളിൽനിന്ന് വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നതോടെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് വാഴത്തോട്ടത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാം സന്ദേശം അയച്ച് വിളിച്ചുവരുത്തിയെന്ന് സൂചന
പെൺകുട്ടിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സന്ദേശമയച്ച് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രാഥമിക വിവരങ്ങൾ. തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ 17-കാരനായ ഒരാളെയും ഒരു പെൺകുട്ടിയെയും മറ്റൊരാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. അഭിറാമിന്റെ സുഹൃത്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
സുഹൃത്തുക്കൾക്കും പരിചിതമായ സ്ഥലം
മദ്യപിക്കാനടക്കം സുഹൃത്തുക്കൾ എത്താറുണ്ടായിരുന്ന സ്ഥലമാണ് മൃതദേഹം കണ്ടെത്തിയ പറമ്പെന്നാണ് വിവരം. അഭിറാമിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ ഈ പ്രദേശത്തും പരിസരത്തും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മതിലിനപ്പുറത്തുള്ള വാഴത്തോട്ടത്തിലേക്ക് കടന്ന് പരിശോധിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യമെന്താണെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.
Story Summary:
A 17-year-old Plus Two student, Abhiram M.D., who went missing from Pangappara in Thiruvananthapuram, was found murdered. Police have taken three people, including a girl and a 17-year-old boy, into custody. Preliminary reports suggest that an Instagram account was used to lure the victim to the location and that a dispute related to a relationship may have led to the crime. The investigation is ongoing.





