പടിയൂർ പഞ്ചായത്തിൽ പന്നികളുടെ ആക്രമണം രൂക്ഷം; വിളവെടുപ്പിന് മുന്നേ വിളകൾ നശിക്കുന്നുവെന്ന് പടിയൂർ കിസാൻ സഭ

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ കാട്ടുപന്നികളുടെ നിരന്തരമായ ആക്രമണം മൂലം കർഷകർ പ്രതിസന്ധിയിൽ.
പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി കർഷകർ ഏറെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത കാർഷിക ഉൽപ്പന്നങ്ങൾ വിളവെടുക്കുന്നതിന് മുൻപ് തന്നെ പന്നികൾ കൂട്ടത്തോടെയെത്തി നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്.
നെൽ കർഷകരുൾപ്പെടെയുള്ളവർ വലിയ സാമ്പത്തിക നഷ്ടവും ദുരിതവുമാണ് നേരിടുന്നത്.
ഈ ഗുരുതരമായ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും, കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികൾ എത്രയുംവേഗം സ്വീകരിക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ പടിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ, ദുരിതത്തിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ കൃഷിവകുപ്പ് മുന്നോട്ടുവരണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പടിയൂർ വി.വി. രാമൻ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ മുരളി മണക്കാട്ടുപടി അധ്യക്ഷത വഹിച്ചു.
കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ.എസ്. ബൈജു യോഗം ഉദ്ഘാടനം ചെയ്തു.
കെ.വി. ഹജീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ കെ.എസ്. രാധാകൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു.
വി.ആർ. രമേഷ്, മധു പൊതുവത്ത്, വി.കെ. രമേഷ് എന്നിവർ പ്രസംഗിച്ചു




