"> Skip to content
November 4, 2026
⌕

വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം; കാലടി സർവകലാശാലാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി | Roji M John

November 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Roji M John

കോഴിക്കോട്: വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്നും തെറ്റ് അംഗീകരിച്ച് മാപ്പപേക്ഷ നൽകിയാൽ അവർക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കണമെന്നതാണ് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ (Roji M John). ഇനിയും അതിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള സമരങ്ങൾ പാടില്ല. കാലടി തന്റെ മണ്ഡലത്തിലായതിനാൽ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് ആദ്യ യോഗം നടന്ന ദിവസം തന്നെ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വം സൃഷ്ടിച്ചുമാണോ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ക്യാംപസുകളിലെ അക്രമവും ക്രമക്കേടുകളും

കേരളത്തിലെ ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. താൻ എൻഎസ്‌യു പ്രസിഡന്റായിരുന്ന സമയത്തല്ല കരിഓയിൽ സമരം നടന്നതെന്നും അന്നുതന്നെ അത്തരം സമരങ്ങളെ തള്ളിപ്പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ തെറ്റുകൾ സംഭവിക്കാമെന്നും അവ തിരുത്തേണ്ടത് അതത് സംഘടനകളാണെന്നും മന്ത്രി പറഞ്ഞു. ജീവിച്ചിരിക്കുന്ന ഒരാളുടെ ശവസംസ്കാര ചടങ്ങ് നടത്തിയ സംഭവം നിയമപ്രശ്നമല്ലെന്നും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവിടെ നടന്നത് നാടകം മാത്രമല്ല, വലിയ അക്രമം കൂടിയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നും ഇപ്പോൾ അവിടെ നടക്കുന്നതും വർഷങ്ങളായി നടന്നുവരുന്നതുമായ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഡിഗ്രി പാസാകാത്ത എസ്എഫ്ഐ നേതാവിന് മുൻ സിൻഡിക്കേറ്റ് യോഗത്തിൽ പി.ജി. പ്രവേശനം നൽകിയിരുന്നുവെന്നും ക്യാംപസിൽ പലതരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇവയെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സസ്പെൻഷൻ കാലയളവിലും ചില വിദ്യാർഥികൾ ക്യാംപസിൽ പ്രവേശിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. മഹാരാജാസ് കോളേജിൽ പ്രതിഷേധിച്ചവരിൽ എത്രപേർ ആ ക്യാംപസിലെ വിദ്യാർഥികളാണെന്നും ക്യാംപസുമായി ബന്ധമില്ലാത്ത എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ അവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

സംഘ്പരിവാർ രാഷ്ട്രീയവുമായി സന്ധിയില്ലെന്ന് മന്ത്രി

ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നമില്ലെങ്കിലും ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്ന് റോജി എം. ജോൺ പറഞ്ഞു. സംഘ്പരിവാർ രാഷ്ട്രീയവുമായി ഒരുതരത്തിലും സന്ധിയില്ലെന്നും വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികൾ തെറ്റ് അംഗീകരിച്ച് തിരിച്ചുവന്നാൽ അവരെ പൂർണമായും അംഗീകരിക്കാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Summary :
Higher Education Minister Roji M. John said students facing disciplinary action at Sree Sankaracharya University of Sanskrit could still get an opportunity to write their examinations if they submit apologies and acknowledge their mistakes. He criticised campus violence and alleged irregularities at universities, while stating that students who accept their mistakes and return would be welcomed.

Get more updates from Pudukad News on Google