അഭിരാം കൊലക്കേസിൽ നിർണായക വഴിത്തിരിവ്; കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിലുള്ള പകയെന്ന് സുഹൃത്തുക്കളുടെ മൊഴി | Abhiram Murder Case

Current: മലയാളം

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥി അഭിരാമിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ 17കാരനായ പ്രതിയുടെ കാമുകി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ചില സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് പ്രതിയും സംഘവും സംശയിച്ചിരുന്നതായാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. (Abhiram Murder Case)
ആനന്ദയും 17കാരനായ പ്രതിയും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട സ്വകാര്യ ദൃശ്യങ്ങൾ പുറത്തായതോടെ ഇരുവരും പ്രകോപിതരായെന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ അഭിരാമിന്റെ സുഹൃത്താണെന്ന് ഇവർ കരുതിയിരുന്നു. തുടർന്ന് അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയോ പ്രതിയോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ കേസിൽ അറസ്റ്റിലായ ഗുണ്ട ഉമറിന്റെ കാമുകി ഐശ്വര്യയോടും പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കസ്റ്റഡിയിൽ വാങ്ങിയശേഷം ആനന്ദയെയും 17കാരനായ പ്രതിയെയും വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.
അഭിരാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്ന വിവരങ്ങൾ കേസിന്റെ ഗൂഢാലോചനയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. പ്രായപൂർത്തിയാകാത്ത പ്രതിയും കാമുകി ആനന്ദയും സുഹൃത്തും ഗുണ്ടയുമായ ഉമറും നിലവിൽ റിമാൻഡിലാണ്. ഉമറിന്റെ കാമുകി ഐശ്വര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടന്ന പാങ്ങപ്പാറയിൽ തന്റെ സാന്നിധ്യം പുറത്തറിയാതിരിക്കാനുള്ള നീക്കങ്ങളും ഉമർ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പോകുന്നതിന് മുമ്പ് ഐശ്വര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചശേഷം ഫോൺ വീട്ടിൽവെച്ചാണ് ഇയാൾ പോയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കൊലപാതകത്തിന്റെ ആസൂത്രണത്തിലും തെളിവുകൾ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളിലും ഐശ്വര്യയുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.
Summary: The investigation into the murder of Plus Two student Abhiram in Sreekaryam has taken a new turn. Friends of the accused reportedly told police that the alleged circulation of private images of the 17-year-old accused’s girlfriend, Anandha, may have triggered the murder plot. Police are also examining the alleged role of Umar’s girlfriend, Aishwarya.











