"> Skip to content
November 5, 2026
⌕

ദിനോസറിന്റെ ഫോസിലിൽ രക്താണുക്കളുടെ ശേഷിപ്പുകളോ? 11.5 കോടി വർഷം പഴക്കമുള്ള കണ്ടെത്തൽ, പുനഃസൃഷ്ടിക്കാനാകുമോ ഈ ഭീമൻ ജീവികളെ? | Dinosaur Fossil Blood Cell Discovery

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Dinosaur Fossil Blood Cell Discovery

ദിനോസറുകളെ വീണ്ടും ഭൂമിയിലെത്തിക്കാനാകുമോ? ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അത്തരമൊരു സാധ്യതയിലേക്കാണോ ശാസ്ത്രലോകം നീങ്ങുന്നത്? വംശനാശം സംഭവിച്ച മാമത്തുകളെ പുനഃസൃഷ്ടിക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ ദിനോസർ ഗവേഷണത്തിലും കൗതുകകരമായ കണ്ടെത്തൽ (Dinosaur Fossil Blood Cell Discovery). 11.5 കോടി വർഷത്തിലേറെ പഴക്കമുള്ള ദിനോസർ ഫോസിലിൽ രക്താണുക്കളോട് സാമ്യമുള്ള ഘടനകൾ കണ്ടെത്തിയെന്നാണ് ഗവേഷകരുടെ അവകാശവാദം.

ദിനോസറുകളുടെ ശരീരഘടന, ആന്തരികാവയവങ്ങളുടെ പ്രവർത്തനം, ജൈവഘടന എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഈ കണ്ടെത്തൽ സഹായിച്ചേക്കും. വംശനാശം സംഭവിച്ച ജീവികളുടെ ശരീരത്തിൽനിന്ന് ഇത്രയും കാലം പിന്നിട്ടിട്ടും ജൈവഘടനകളുടെ അവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്ന സാധ്യതയാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇവ യഥാർഥ രക്താണുക്കളാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വടക്കുകിഴക്കൻ ബ്രസീലിൽനിന്ന് ലഭിച്ച മാംസഭോജിയായ അരാറ്റസോറസ് (Aratasaurus) ദിനോസറിന്റെ ഫോസിലിലാണ് ഈ ഘടനകൾ കണ്ടെത്തിയത്. 2008ൽ ലഭിച്ച ഫോസിൽ പിന്നീട് ബ്രസീൽ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ കർട്ടിൻ സർവകലാശാലയിലെ ഗവേഷകസംഘമാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നത്. ദിനോസറിന്റെ പിൻകാലിലെ അസ്ഥികൾ വിശദമായി പരിശോധിക്കുന്നതിനിടെയാണ് ചുവന്ന രക്താണുക്കളോട് സാമ്യമുള്ള ഘടനകൾ ശ്രദ്ധയിൽപ്പെട്ടത്.

എന്നാൽ കണ്ടെത്തിയ ഘടനകൾ യഥാർഥ രക്താണുക്കളാണെന്ന വാദത്തിൽ ശാസ്ത്രലോകത്ത് അഭിപ്രായവ്യത്യാസമുണ്ട്. അയർലൻഡിലെ യൂണിവേഴ്സിറ്റി കോളജ് ഗവേഷകയായ പാലിയോബയോളജിസ്റ്റ് മരിയ മക്നമരയും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ ഫോസിലുകളായി മാറിയ കോശങ്ങളുടെ ചില ഘടനകൾ ദശലക്ഷക്കണക്കിന് വർഷങ്ങൾ നിലനിൽക്കാമെന്നാണ് ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ദിനോസർ ചത്തതിനുശേഷം അതിന്റെ അവശിഷ്ടങ്ങൾ സൂക്ഷ്മാണുക്കൾ നിറഞ്ഞ വെള്ളത്തിനടിയിലോ മറ്റ് അവശിഷ്ടങ്ങൾക്കിടയിലോ പെട്ടുപോയതാകാം ജൈവഘടനകൾ സംരക്ഷിക്കപ്പെടാൻ സഹായിച്ചതെന്നാണ് ഒരു നിഗമനം. ഇത് ജീർണനപ്രക്രിയയുടെ വേഗം കുറച്ചിരിക്കാം. കൂടാതെ, ഹൗസ്മാനൈറ്റ് എന്ന മാംഗനീസ് ഓക്സൈഡ് ധാതുവും ചുവന്ന രക്താണുക്കളോട് സാമ്യമുള്ള ഘടനകൾ സംരക്ഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടാകാമെന്ന് ഗവേഷകർ കരുതുന്നു.

എന്നാൽ കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളിൽ ജൈവവസ്തുക്കൾ അതേപടി നിലനിൽക്കുമോ എന്നത് ഇപ്പോഴും വലിയ ശാസ്ത്രീയ ചർച്ചയാണ്. കാലക്രമേണ ജൈവവസ്തുക്കൾ നശിക്കുകയോ ധാതുക്കൾക്ക് പകരം വയ്ക്കപ്പെടുകയോ ചെയ്യുന്നതിനാൽ കണ്ടെത്തിയ ഘടനകളുടെ യഥാർഥ സ്വഭാവം ഉറപ്പാക്കേണ്ടതുണ്ട്. പഠനം തുടരുന്ന സാഹചര്യത്തിൽ ഇതിനെ നിർണായകമായ കണ്ടെത്തലായി വിശേഷിപ്പിക്കാൻ ശാസ്ത്രലോകം ഇനിയും കാത്തിരിക്കുകയാണ്. ദിനോസറുകളുടെ ജൈവഘടനയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ഈ ഗവേഷണം സഹായിച്ചേക്കുമെങ്കിലും അവയെ പുനഃസൃഷ്ടിക്കാൻ കഴിയുമെന്ന നിഗമനത്തിലേക്ക് ഇപ്പോൾ എത്താനാകില്ല. അതിന് ആവശ്യമായ ജനിതക വസ്തുക്കൾ കണ്ടെത്തുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും, ദിനോസറുകളെക്കുറിച്ചുള്ള പഠനത്തിൽ പുതിയ സാധ്യതകൾ തുറക്കാൻ ഈ കണ്ടെത്തലിന് കഴിഞ്ഞേക്കും.

Summary: Researchers studying a 115-million-year-old Aratasaurus fossil from Brazil have identified structures resembling red blood cells. While the discovery could offer new insights into dinosaur biology, scientists have not yet confirmed that the structures are actual blood cells or that dinosaur resurrection is possible.

Get more updates from Pudukad News on Google