വിശ്വസ്തരിൽ നിന്നും തിരിച്ചടി; കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടമായി ട്രംപിന്റെ പാർട്ടി, റിപ്പബ്ലിക്കൻ ക്യാമ്പിൽ ഭിന്നത | Donald Trump Election Setback

Current: മലയാളം

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി. രാജ്യവ്യാപകമായി വീശിയടിച്ച ‘ബ്ലൂ വേവ്’ തരംഗത്തിൽ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു. ടെക്സസ്, കാൻസാസ്, സൗത്ത് കരോലിന, അയോവ, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം സ്വന്തമാക്കി. (Donald Trump Election Setback)
ട്രംപിന്റെ ഭരണശൈലിക്കും നയങ്ങൾക്കുമെതിരായ ജനവിധിയായാണ് തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. സാമ്പത്തിക പ്രതിസന്ധി, ഇറാൻ യുദ്ധം, ഭരണപരമായ വീഴ്ചകൾ എന്നിവയിലുള്ള വോട്ടർമാരുടെ അതൃപ്തി ഫലത്തിൽ പ്രതിഫലിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ടെക്സസിൽ അറ്റോർണി ജനറൽ കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി ജെയിംസ് തലാറിക്കോ വിജയം നേടി. ഗവർണർ തിരഞ്ഞെടുപ്പിൽ ജിന ഹിനോജോസയും വിജയിച്ചു. കാൻസാസിൽ ആദം ഹാമിൽട്ടണിലൂടെ പതിറ്റാണ്ടുകൾക്ക് ശേഷം ഡെമോക്രാറ്റിക് സ്ഥാനാർഥി സെനറ്റിലെത്തി.
തിരഞ്ഞെടുപ്പ് വിജയത്തോടെ ഡെമോക്രാറ്റിക് നേതാക്കളായ ഹക്കീം ജെഫ്രിസിനും ചക്ക് ഷുമറിനും നിർണായക സ്ഥാനങ്ങളിലേക്ക് തിരിച്ചെത്താൻ വഴിയൊരുങ്ങി. അടുത്ത ജനുവരിയിൽ ഹൗസ് സ്പീക്കറായി ചുമതലയേറ്റാൽ ഈ പദവിയിലെത്തുന്ന ആദ്യ കറുത്തവർഗക്കാരനാകും ജെഫ്രിസ്. സെനറ്റിലെ ഭൂരിപക്ഷ നേതൃസ്ഥാനത്തേക്ക് ഷുമറും മടങ്ങിയെത്തും.
തിരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ആഭ്യന്തര പ്രതിസന്ധിക്ക് വഴിയൊരുക്കിയിട്ടുണ്ട്. ട്രംപിന്റെ രാഷ്ട്രീയ സ്വാധീനത്തിന് മങ്ങലേൽക്കുകയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ജെ.ഡി. വാൻസ്, ടെഡ് ക്രൂസ് തുടങ്ങിയ നേതാക്കളും പാർട്ടിയിലെ മറ്റു അധികാരകേന്ദ്രങ്ങളും ട്രംപിന്റെ നിലപാടുകളിൽനിന്ന് അകന്നുതുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെ ‘വാട്ടർഗേറ്റ് മാതൃകയിലുള്ള തിരിച്ചടി’ എന്നാണ് ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് വിശേഷിപ്പിച്ചത്. ജീവിതച്ചെലവിലെ വർധനയും ഇറാൻ യുദ്ധവും പാർട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം സമ്മതിച്ചു.
കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചതോടെ ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ പരിശോധനകൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും വിധേയമാകും. ഭരണകൂടത്തിന്റെ നയങ്ങൾ, ഇറാൻ യുദ്ധം, കുടുംബത്തിന്റെ ബിസിനസ് ഇടപാടുകൾ എന്നിവ സംബന്ധിച്ച് അന്വേഷണങ്ങൾ നടത്താനും ഡെമോക്രാറ്റുകൾക്ക് അവസരമൊരുങ്ങും. നിയമനിർമാണങ്ങൾക്കും മന്ത്രിസഭാ നിയമനങ്ങൾക്കും സുപ്രീം കോടതി ഒഴിവുകളിലേക്കുള്ള നാമനിർദേശങ്ങൾക്കും ഇനി കടുത്ത എതിർപ്പ് നേരിടേണ്ടിവരാം.
പ്രസിഡന്റിന്റെ വീറ്റോ അധികാരം നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിലെ ഭൂരിപക്ഷം നഷ്ടമായത് ട്രംപിന്റെ നയങ്ങൾ നടപ്പാക്കുന്നതിന് വലിയ തടസമാകും. 2029 ജനുവരി വരെ വൈറ്റ് ഹൗസിൽ തുടരാൻ കഴിയുമെങ്കിലും ശേഷിക്കുന്ന ഭരണകാലത്ത് പ്രധാന നിയമനിർമാണ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നത് ട്രംപിന് കൂടുതൽ ദുഷ്കരമാകുമെന്നാണ് വിലയിരുത്തൽ.
Summary: Democrats have reportedly taken control of both chambers of the US Congress in a major setback for Donald Trump and the Republicans. The result has intensified divisions within the Republican Party and could make it harder for Trump’s administration to advance its legislative agenda.











