കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ ബ്ലോക്കിലെ നിർമാണപ്പിഴവുകൾ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ | Kottayam Medical College

Current: മലയാളം

തിരുവനന്തപുരം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ 270 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിലെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ (Kottayam Medical College). നിർമാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, പ്രവൃത്തി നിർവഹണത്തിലെയും മേൽനോട്ടത്തിലെയും വീഴ്ചകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.
കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ച് വിശദമായ പരിശോധന നടത്താനും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് മന്ത്രി നിർദേശിച്ചു. നിർമാണത്തിലെ പിഴവുകളും പോരായ്മകളും കണ്ടെത്തുന്നതിനൊപ്പം കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തണമെന്നും പരിശോധനയിൽ കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
സീലിംഗ് തകർച്ചയിൽ ആശങ്ക
2026 ഫെബ്രുവരി 16നാണ് കഴിഞ്ഞ സർക്കാർ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ കെട്ടിടത്തിലെ സീലിംഗ് പലതവണ തകർന്നുവീണത് വലിയ ആശങ്കയ്ക്കിടയാക്കി. രോഗികൾക്കും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ഭീഷണിയാകുന്ന തരത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ കെട്ടിടത്തിന്റെ സുരക്ഷയും നിർമാണത്തിന്റെ ഗുണനിലവാരവും ചോദ്യം ചെയ്യപ്പെട്ടു.
സീലിംഗ് തകർച്ചയ്ക്ക് പുറമെ കെട്ടിടത്തിലെ സിവിൽ, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലും അപാകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിർമാണം അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണോ നടത്തിയത്, ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകളും മേൽനോട്ടവും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
ഉപകരാർ നൽകിയതിലും പരിശോധന വേണം
നിർമാണച്ചുമതല ജതാൻ കൺസ്ട്രക്ഷനാണ് നൽകിയിരുന്നതെങ്കിലും പ്രവൃത്തികൾ മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകിയതായും ആരോപണമുണ്ട്. കരാർ വ്യവസ്ഥകൾ പാലിച്ചിരുന്നോ, ഉപകരാർ നൽകുന്നതിൽ ചട്ടലംഘനങ്ങളുണ്ടായോ, നിർമാണപ്രവൃത്തികളുടെ നിർവഹണത്തിലും മേൽനോട്ടത്തിലും വീഴ്ചകളുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് മന്ത്രിയുടെ ആവശ്യം.
നിർമാണത്തിന്റെ ഗുണനിലവാരം, അംഗീകൃത സാങ്കേതിക സവിശേഷതകളുടെ പാലനം, പ്രവൃത്തികളുടെ മേൽനോട്ടം, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം സമഗ്രമായി പരിശോധിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കോടികൾ ചെലവഴിച്ച് നിർമിച്ച ആശുപത്രി കെട്ടിടത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയ്ക്കാണ് ആരോഗ്യവകുപ്പ് മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. വിജിലൻസ് അന്വേഷണവും സാങ്കേതിക പരിശോധനയും അടിയന്തരമായി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary:
Kerala Health and Devaswom Minister K. Muraleedharan has sought a Vigilance inquiry into alleged construction irregularities at the ₹270-crore surgical block of Kottayam Government Medical College. The demand follows repeated ceiling collapses and reported defects in civil, plumbing and electrical works. The minister has also called for a technical committee to assess the building’s structural safety and identify defects requiring urgent corrective measures.











