“പണം നൽകാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി, രാത്രി മുഴുവൻ മർദ്ദനം”: ബംഗളൂരുവിലെ മലയാളി യുവാവ് കിരണിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ് | Malayali Youth Killed Bengaluru

Current: മലയാളം

ബംഗളൂരു: തൊഴിലുടമയുടെ മകളുമായി പ്രണയത്തിലായിരുന്നുവെന്നാരോപിച്ച് മലയാളി യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ് (Malayali Youth Killed Bengaluru). പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര ആലിഞ്ചുവട് വള്ളുള്ളിശ്ശേരി സ്വദേശി കിരൺ (22) കൊല്ലപ്പെട്ട സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബംഗളൂരുവിലെ യെലഹങ്കയിൽ ബുധനാഴ്ചയായിരുന്നു സംഭവം.
സ്വീറ്റ് കോൺ ഫാക്ടറി ഉടമയും തമിഴ്നാട് സ്വദേശിയുമായ ആനന്ദ് രാജിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മകൾ മൈസൂരുവിൽ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് (പി.യു.സി) വിദ്യാർഥിനിയാണ്. മകളും കിരണും തമ്മിലുള്ള ബന്ധത്തെ ആനന്ദ് രാജ് എതിർത്തിരുന്നതായി പൊലീസ് പറയുന്നു. ഇരുവരെയും വീട്ടിനുള്ളിൽ ഒരുമിച്ച് കണ്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
എന്നാൽ, തുടർ അന്വേഷണത്തിൽ കൊലപാതകം ആസൂത്രണം ചെയ്തതാണെന്ന സൂചനകൾ ലഭിച്ചു. കിരണിനെ ആക്രമിക്കാൻ മൂന്ന് ഗുണ്ടകളെ നിയോഗിച്ചതായാണ് പൊലീസ് കണ്ടെത്തൽ.
സഹോദരനെ നാട്ടിൽനിന്ന് മാറ്റി; പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി
കിരണിന്റെ സഹോദരനും കമ്പനിയിലെ ജീവനക്കാരനുമായ ഋത്വിക്കിനെ ജോലി സംബന്ധമായ ആവശ്യത്തിനെന്ന പേരിൽ ആനന്ദ് രാജ് ഉത്തർപ്രദേശിലേക്ക് അയച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിനിടെ കിരൺ കാമുകിയോട് പണം കടം ചോദിച്ചിരുന്നു. ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലെന്നും നേരിട്ട് എത്തിയാൽ പണം നൽകാമെന്നും കാമുകി അറിയിച്ചതോടെ കിരൺ വീട്ടിലേക്ക് പോയി.
ഈ അവസരം മുതലെടുത്ത് ആനന്ദ് രാജും ഭാര്യയും മകളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയി. കിരൺ വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തിരിച്ചെത്തുകയും ഗുണ്ടകളെ വിളിച്ചുവരുത്തുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തുടർന്ന് ഗുണ്ടകൾ കിരണിനെ വീടിനുള്ളിൽ പൂട്ടിയിട്ട് രാത്രി മുഴുവൻ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ചതായാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കിരണിനെ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് പ്രതികൾ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു.
സന്ദേശം അന്വേഷണത്തിൽ നിർണായകമായി
കാമുകിയെ കാണാൻ പോകുന്ന വഴിയിൽ കിരൺ സുഹൃത്തിന് അയച്ച സന്ദേശമാണ് കേസിൽ നിർണായകമായതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ആനന്ദ് രാജിനെയും മറ്റ് പ്രതികളെയും കേന്ദ്രീകരിച്ച് യെലഹങ്ക പൊലീസ് അന്വേഷണം തുടരുകയാണ്.
ആനന്ദ് രാജിനൊപ്പം ഗുണ്ടാസംഘത്തിലെ ഡോൺ ഉൾപ്പെടെ രണ്ടുപേരെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാപിതാക്കൾ നാട്ടിലെത്തി
ദുബായിൽ ഹോട്ടൽ ജീവനക്കാരായ കിരണിന്റെ പിതാവ് സിദ്ധാർഥനും മാതാവ് ശബരിയും മകന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തി. യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകിട്ട് 6.50ഓടെ എ.ഐ.കെ.എം.സി.സി നേതൃത്വത്തിൽ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Story Summary:
A 22-year-old Malayali, Kiran from Vallullissery in Palakkad, was allegedly beaten to death in Yelahanka, Bengaluru. Police investigation reportedly indicates that the murder was pre-planned by his employer, Anand Raj, who opposed Kiran’s relationship with his daughter. Investigators suspect that hired men confined and assaulted Kiran with a cricket bat throughout the night. Three people have been taken into custody, while police are searching for another suspect.











