ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് – അൺഎയ്ഡഡ്) സംഘടിപ്പിച്ച ദേശീയതല ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026’ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ 23 സ്കൂളുകളിൽ നിന്നുള്ള 76 ടീമുകൾ പങ്കെടുത്തു.
മൂന്നു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ എഴുത്തുപരീക്ഷ, ഓഡിയോ, വീഡിയോ, റാപ്പിഡ് ഫയർ തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
മത്സരത്തിൽ തൃശ്ശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അഭിനവ് ജുബിൻ ഇ., അഥുൽ കൃഷ്ണ പി.എസ്. എന്നിവരടങ്ങിയ ടീം 125 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. കുട്ടിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ അഥുൽ ജോമോൻ, അഭിനവ് കെ.എം. എന്നിവരടങ്ങിയ ടീം 105 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സേക്രഡ് ഹാർട്ട്സ് സി.സി.എച്ച്.എസ്.എസിലെ വിസ്മയ എം.വി., ദേവസേന ബ്രിജേഷ് എന്നിവരടങ്ങിയ ടീം 95 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപയും സമ്മാനമായി നൽകി.
പ്രൊഫസർ കെ ജെ ജോസഫ് സ്വാഗതം ആശംസിച്ചു.റെവ. പ്രൊഫ. ജോയ് പി.ടി. സി എം ഐ അനുഗ്രഹ പ്രഭാഷണവും പ്രിൻസിപ്പൽ പ്രൊഫ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. മേജർ ജോസഫ് കെ.പി. (വെറ്ററൻ കാർഗിൽ യുദ്ധപങ്കാളി) ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ബിജോയ് ACP വിജയികൾക്ക് അഭിനന്ദനവും സമ്മാന വിതരണം നടത്തി , ശ്രീ വിവേകാനന്ദൻ അൺ എയ്ഡഡ് വിഭാഗം കോർഡിനേറ്റർ, ശ്രീമതി ഷീബ വർഗീസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. അരുൺ ബാലകൃഷ്ണൻ ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി.
വിദ്യാർത്ഥികളിൽ വാണിജ്യവിജ്ഞാനവും പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. കൊമേഴ്‌സ് വിഭാഗത്തിലെ സി.ഡോ രേഖ ഫ്രാൻസിസ്, ശ്രീമതി രേവതി കൃഷ്‌ണകുമാർ, വിദ്യാർത്ഥികളായ ഗോവിന്ദ് ഹരിദാസ് നസീല ടി.ജെ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.










