ചൈനീസ് ചാരവനിതയുമായുള്ള ബന്ധവും സുരക്ഷാ ഭീഷണിയും മറച്ചുവെച്ച് നിക്ഷേപകരെ വഞ്ചിച്ചു; എൻവിഡിയക്കും സി.ഇ.ഓ ജെൻസൻ ഹുവാങ്ങിനുമെതിരെ വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫെഡറൽ കോടതിയിൽ ക്ലാസ് ആക്ഷൻ ഹർജി

കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കന്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയക്കും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഓ) ജെന്സന് ഹുവാങ്ങിനുമെതിരെ നിക്ഷേപകര്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ഫെഡറല്‍ കോടതിയില്‍ ക്ലാസ് ആക്ഷന്‍ ഹര്‍ജി നല്കി.
ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ സംശയിക്കുന്ന സിംഗപ്പൂര്‍ അധിഷ്ഠിത ഡാറ്റാ സെന്റര്‍ കമ്പനിയായ ‘മെഗാസ്പീഡ്’ മുന്‍ എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങുമായുള്ള ജെന്സന് ഹുവാങ്ങിന്റെ വഴിവിട്ട ബന്ധവും അതിലൂടെയുണ്ടായേക്കാവുന്ന ദേശീയ സുരക്ഷാ ഭീഷണികളും കമ്പനി മനഃപൂര്‍വം മറച്ചുവെച്ചുവെന്നാണ് നിക്ഷേപകരുടെ ആരോപണം.
സഹപ്രവര്ത്തര്ക്കയച്ച ഇ-മെയിലില്‍ താന്‍ ഭാര്യയോട് വഞ്ചന കാണിച്ചതായി ജെന്സന് ഹുവാങ് കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. എന്‍വിഡിയ തലവനെ ലക്ഷ്യമിട്ട് വിദേശ ഏജന്‍സികള്‍ നീക്കം നടത്തിയെന്ന വിവരത്തെത്തുടര്‍ന്ന് കമ്പനി ബോര്‍ഡ് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കമ്പനിയുടെ സുരക്ഷയോ രഹസ്യങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, വിവരം മറച്ചുവെച്ചത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിക്ഷേപകര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.




