ആത്മജ്യോതി സേവാകേന്ദ്രം നാടിന് സമർപ്പിച്ചു

- ഉദ്ഘാടനം ആർ.എസ്.എസ്. അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ നിർവ്വഹിച്ചു
- സുകൃതം പാലിയേറ്റീവ് കെയർ വാഹനം സമർപ്പിച്ചു
പുതുക്കാട്: പുതുക്കാട് സേവാഭാരതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആശ്രയകേന്ദ്രമായ ‘ആത്മജ്യോതി സേവാകേന്ദ്രം’ നാടിന് സമർപ്പിച്ചു. ആർ.എസ്.എസ്. അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. ചടങ്ങിൽ പുതുക്കാട് സേവാഭാരതി പ്രസിഡന്റ് സുരേന്ദ്രൻ കൊല്ലിക്കര അധ്യക്ഷത വഹിച്ചു. പുതുക്കാട് ഖണ്ഡ് കാര്യവാഹ് വി.ആർ. അജിത്ത് ആമുഖഭാഷണം നടത്തി.
സുകൃതം പെയിൻ ആൻഡ് പാലിയേറ്റീവ് സേവനത്തിനായി കൊച്ചിൻ ഷിപ്പ്യാർഡ് അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സേവാഭാരതി സംസ്ഥാന സമിതി അംഗം ഡോ. പ്രതീഷ് നിർവ്വഹിച്ചു. സ്വാമി ഹരിഗിരി അനുഗ്രഹഭാഷണം നടത്തി. കൊച്ചിൻ ഷിപ്പ്യാർഡ് എച്ച്.ആർ. മാനേജർ എ.കെ. സുഭാഷ് മുഖ്യാതിഥിയായിരുന്നു.
സേവാകേന്ദ്രത്തിനായി ഭൂമി ഇഷ്ടദാനം നൽകിയ എ.ജി. ബാബു, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, സ്നേഹപുരം പള്ളി വികാരി ഫാ. ആന്റണി മേനാച്ചേരി, സേവാഭാരതി സെക്രട്ടറി പ്രസീത അജിത്ത്, ട്രഷറർ വിവേക് കാർത്തികേയൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സമൂഹത്തിലെ ആറ് പ്രമുഖ വ്യക്തികൾ സേവാകേന്ദ്രത്തിന്റെ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
