Skip to content
November 11, 2026
⌕

കേരളത്തിൽ ട്രെയിൻ യാത്ര ദുരിതത്തിലേക്ക്; വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നു. അറ്റകുറ്റപ്പണികളുടെ പേരിൽ റദ്ദാക്കലും വഴിതിരിച്ചുവിടലും തുടരുന്നു

November 10, 2026
Share this post to

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയക്രമം താളംതെറ്റുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. ദീർഘദൂര ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുന്നതിനൊപ്പം വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾക്ക് കടന്നുപോകാൻ മറ്റു സർവീസുകൾ വിവിധ സ്റ്റേഷനുകളിൽ ദീർഘനേരം പിടിച്ചിടുന്നതും യാത്രാക്ലേശം വർധിപ്പിക്കുന്നു. 

ട്രെയിനുകൾ ഭാഗികമായും പൂർണമായും റദ്ദാക്കുന്നതും വഴിതിരിച്ചുവിടുന്നതും പതിവായതോടെ യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കഴിയാത്ത സ്ഥിതിയാണ്.


അശാസ്ത്രീയമായ സർവീസ് ക്രമീകരണങ്ങളാണ് ട്രെയിനുകളുടെ സമയക്രമം തെറ്റിക്കുന്നതെന്ന വിമർശനം ശക്തമാണ്. അറ്റകുറ്റപ്പണികൾ, വൈദ്യുതിത്തകരാറുകൾ, മണ്ണിടിച്ചിൽ തുടങ്ങിയവയാണ് ട്രെയിനുകൾ വൈകുന്നതിന് കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. 


എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി വൈകിയോട്ടം വർധിച്ചതിന് പിന്നിൽ റെയിൽവേയുടെ അനാസ്ഥയും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവുമാണെന്നാണ് യാത്രക്കാരുടെ പരാതി. ട്രാക്കുകളിലെയും വൈദ്യുതി സംവിധാനങ്ങളിലെയും തകരാറുകൾ യഥാസമയം പരിഹരിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും ആരോപണമുണ്ട്.

ദിവസവും ജോലിക്കും പഠനത്തിനുമായി ട്രെയിനുകളെ ആശ്രയിക്കുന്നവരും ദീർഘദൂര യാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പ്രധാന സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഒഴിവാക്കുന്നതും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു.

ഡിസംബർ നാലുവരെ നിയന്ത്രണം

നവംബർ 10നുശേഷം നിരവധി ട്രെയിനുകൾക്ക് വഴിതിരിച്ചുവിടൽ, ഭാഗിക റദ്ദാക്കൽ, സമയനിയന്ത്രണം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ–എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ നാലുവരെയും മറ്റ് ചില ട്രെയിനുകൾക്ക് ഡിസംബർ ഒന്നുവരെയും നിയന്ത്രണം തുടരും. ഒല്ലൂർ–പുതുക്കാട്, ഇരിങ്ങാലക്കുട–ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലുമാണ് പ്രധാന അറ്റകുറ്റപ്പണികൾ നടക്കുന്നത്.

കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) നവംബർ 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബർ 1, 4 തീയതികളിലും തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ 13 ദിവസങ്ങളിലും തൃശൂർ–എറണാകുളം ജങ്ഷൻ ഭാഗത്ത് സർവീസ് ഉണ്ടായിരിക്കില്ല.

നവംബർ 12, 19, 26 തീയതികളിൽ ടാറ്റാനഗറിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ടാറ്റാനഗർ–എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവ–എറണാകുളം ജങ്ഷൻ ഭാഗത്ത് സർവീസ് റദ്ദാക്കും. നവംബർ 14, 17, 21, 24, 28, ഡിസംബർ 1 തീയതികളിൽ പുറപ്പെടുന്ന ഇതേ ട്രെയിനിന് വഴിയിൽ 25 മിനിറ്റ് നിയന്ത്രണവുമുണ്ടാകും.

മാവേലി എക്സ്പ്രസിന് വഴിതിരിച്ചുവിടൽ

നവംബർ 13, 15 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മംഗളൂരു മാവേലി എക്സ്പ്രസ് (16604) കായംകുളം ജങ്ഷൻ–എറണാകുളം ടൗൺ ഭാഗത്ത് കോട്ടയം വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പുണ്ടാകും.

നവംബർ 13, 20, 27 തീയതികളിൽ മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) എറണാകുളം ടൗൺ–കായംകുളം ജങ്ഷൻ ഭാഗത്ത് കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കി എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിക്കും.

നവംബർ 13, 20, 27 തീയതികളിൽ രാത്രി 11.15ന് ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസും (16128) കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പുകളുണ്ടാകും. കൊല്ലം–എറണാകുളം മെമു (66310) നവംബർ 20, 27 തീയതികളിൽ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

വൈദ്യുതിത്തകരാറും മണ്ണിടിച്ചിലും തിരിച്ചടിയായി

ട്രെയിൻ സർവീസുകളെ തുടർച്ചയായി ബാധിക്കുന്ന വൈദ്യുതിത്തകരാറുകളും മണ്ണിടിച്ചിലുമാണ് മറ്റൊരു വെല്ലുവിളി. ഒക്ടോബർ 13ന് ഓച്ചിറ–കായംകുളം റെയിൽവേ സെക്ഷനിലെ വൈദ്യുതി ലൈനിലുണ്ടായ തകരാർ നിരവധി സർവീസുകളെ ബാധിച്ചിരുന്നു. കൊല്ലം–കോട്ടയം മെമു, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത്, തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി, സ്വർണജയന്തി, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ വൈകി. തകരാർ പരിഹരിച്ചിട്ടും സർവീസുകൾ സാധാരണ നിലയിലാകാൻ ഏറെ സമയമെടുത്തു.

ഒക്ടോബർ 22ന് പാറശ്ശാല റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ബിലാസ്പുർ–തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റിയതും ഗതാഗതം താറുമാറാക്കി. തിരുവനന്തപുരം–നാഗർകോവിൽ, നാഗർകോവിൽ–കൊല്ലം ഭാഗങ്ങളിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. നിരവധി ട്രെയിനുകൾ പിടിച്ചിടുകയും ചില സർവീസുകളുടെ പുറപ്പെടൽ വൈകുകയും ചെയ്തു.

നവംബർ ഒമ്പതിന് ഏറ്റുമാനൂർ റെയിൽവേ സബ്‌സ്റ്റേഷനിലുണ്ടായ വൈദ്യുതിത്തകരാറും കോട്ടയം വഴിയുള്ള സർവീസുകളെ ബാധിച്ചു. തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ ആറു മിനിറ്റും അമൃത എക്സ്പ്രസ് 45 മിനിറ്റും രാജറാണി എക്സ്പ്രസ് ഏകദേശം രണ്ട് മണിക്കൂറും വൈകി. രാജറാണിയുടെ വൈകിയോട്ടം നിലമ്പൂർ–ഷൊർണൂർ പാസഞ്ചർ സർവീസിനെയും ബാധിച്ചു.

തുടർച്ചയായ നിയന്ത്രണങ്ങളും അപ്രതീക്ഷിത വൈകലുകളും കാരണം കേരളത്തിലെ റെയിൽ ഗതാഗതത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമയബന്ധിതമായ അറ്റകുറ്റപ്പണികളും ശാസ്ത്രീയമായ സർവീസ് ക്രമീകരണങ്ങളും ഉറപ്പാക്കിയില്ലെങ്കിൽ യാത്രക്കാരുടെ ദുരിതം ഇനിയും നീളുമെന്ന ആശങ്ക ശക്തമാണ്.

Get more updates from Pudukad News on Google