“കൊവിഡ് ബാധിതനായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു”: പിലിക്കോട് മടിവയൽ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി | Kasaragod murder case

കാസർകോട്: കൊവിഡ് ബാധിതനായ 67-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ (Kasaragod murder case). പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55), ബന്ധുവായ രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവർക്ക് ശിക്ഷ വിധിച്ചത്. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രബാനുവാണ് വിധി പ്രസ്താവിച്ചത്.
പിഴ അടച്ചില്ലെങ്കിൽ പ്രതികൾ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കുറ്റത്തിന് രണ്ടാം പ്രതിയായ രാജേഷിന് 10 വർഷം അധിക തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ അനിൽ എന്ന അനിമാമൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
കൊലപാതകം നടന്നത് 2021 ജൂലൈയിൽ
2021 ജൂലൈ 21-ന് രാത്രി പത്തുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടാകുകയും ശാരീരിക അവശതകൾ അനുഭവിക്കുകയും ചെയ്തിരുന്ന കുഞ്ഞമ്പു വീട്ടിലെ ഹാളിൽ കട്ടിലിൽ കിടക്കുകയായിരുന്നു.
ഭർത്താവിനെ പരിചരിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ഇരുവരും തമ്മിലുള്ള നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. ജാനകിയുടെ നിർദേശപ്രകാരം അവരുടെ സാന്നിധ്യത്തിൽ രണ്ടാം പ്രതി രാജേഷും മൂന്നാം പ്രതി അനിലും ചേർന്ന് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
അസ്വാഭാവിക മരണത്തിൽ അന്വേഷണം തുടങ്ങി
കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നൽകിയ പരാതിയിലാണ് ചന്തേര പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
അന്നത്തെ ചന്തേര സബ് ഇൻസ്പെക്ടറും നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറുമായ ശ്രീദാസ് എം.വി.യാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കേസിന്റെ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചന്തേര പൊലീസ് ഇൻസ്പെക്ടറും നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ പി. നാരായണനാണ്.
Story Summary : A court in Kasaragod has sentenced Janaki (55), the wife of 67-year-old Kunjambu, and her relative Rajesh (40) to life imprisonment and a fine of ₹2 lakh each for murdering him by suffocation. The incident occurred at Madivayal in Pilicode on July 21, 2021. Rajesh was also given an additional 10-year sentence and a fine of ₹1 lakh for criminal trespass with the intention to kill. The third accused died by suicide during the trial.




