വീടിനുള്ളിൽ രക്തക്കറയും, മൽപ്പിടിത്തം നടന്ന ലക്ഷണങ്ങളും; ഇടുക്കി ശാന്തൻപാറയിൽ റാണിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന | Idukki crime news

ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണി (55) ആണ് മരിച്ചത് (Idukki crime news). സംഭവത്തിൽ കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്ന പ്രാഥമിക നിഗമനമുണ്ടായിരുന്നെങ്കിലും പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന സൂചനകൾ ലഭിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് റാണിയുടെ മൃതദേഹം കണ്ടെത്തിയത്. താമസിച്ചിരുന്ന വീടിന് ഏകദേശം 40 മീറ്റർ അകലെയായിരുന്നു മൃതദേഹം. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ നിർണായകമായ തെളിവുകൾ പൊലീസിന് ലഭിച്ചു.
റാണിയും അക്രമിയും തമ്മിൽ വീടിനുള്ളിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും ചുമരിലും തറയിലും രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം.
മക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് സംഭവം
ഭർത്താവ് മരിച്ച റാണിയുടെ രണ്ട് മക്കളും ജോലി ആവശ്യങ്ങൾക്കായി പുറത്തുപോയിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് വിവരം. തോട്ടങ്ങളിലേക്ക് ആവശ്യമായ ഇതരസംസ്ഥാന തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു റാണി ചെയ്തിരുന്നത്. ഇവരുടെ വീടിന് സമീപത്തായി ഇതരസംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു.
എന്നാൽ, കൊലപാതകത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആരാണ് ആക്രമണത്തിന് പിന്നിലെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ നിർണായകം
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ചശേഷമേ മരണത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് അന്വേഷണത്തിന് സഹായകമായ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary : A 55-year-old woman, Rani, was found dead near her home in Cheriyar, Santhanpara, Idukki. Police suspect murder after finding signs of a struggle and bloodstains inside her house. Investigators believe she may have been killed inside the house and her body moved outside. The exact cause and circumstances of death are yet to be confirmed pending post-mortem and forensic reports.




