ഹരിത ഊർജത്തിൽ കേരളത്തിന് ചരിത്ര നേട്ടം. 4 ലക്ഷം വീടുകളിൽ പുരപ്പുറ സോളാർ. ദക്ഷിണേന്ത്യയിൽ ഒന്നാമത്. ഉപഭോക്താക്കൾക്ക് 2618.52 കോടി രൂപ സബ്സിഡിയായി വിതരണം ചെയ്തു

കോട്ടയം: പുരപ്പുറ സോളാർ ഊർജ ഉൽപ്പാദനത്തിൽ സമാനതകളില്ലാത്ത നേട്ടവുമായി കേരളം.
കേന്ദ്ര സർക്കാരിന്റെ ‘പിഎം സൂര്യഘർ’ പദ്ധതി പ്രകാരം സംസ്ഥാനത്തെ 4.12 ലക്ഷം വീടുകളിൽ പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിച്ച് കേരളം ഹരിത ഊർജ രംഗത്ത് പുതിയ നാഴികക്കല്ല് കുറിച്ചു.
ദേശീയ തലത്തിൽ പുരപ്പുറ സോളാർ സ്ഥാപനത്തിൽ നാലാം സ്ഥാനത്താണ് കേരളം.
ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്.
എന്നാൽ, സോളാർ പാനലുകളുടെ സ്ഥാപനത്തിലും ആകെ ഉൽപ്പാദന ശേഷിയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലെത്താൻ കേരളത്തിന് സാധിച്ചു.
ഇതിനോടകം 4.12 ലക്ഷം വീടുകളിൽ സോളാർ സ്ഥാപിച്ചു. 1569.17 മെഗാവാട്ട് ആണ് ആകെ സ്ഥാപിത ഉൽപ്പാദനശേഷി .
ഉപഭോക്താക്കൾക്ക് 2618.52 കോടി രൂപ സബ്സിഡിയായി വിതരണം ചെയ്തു.
മാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്ന തരത്തിലാണ് പദ്ധതിയുടെ ഘടന.
നിർദിഷ്ട പരിധിക്ക് താഴെ മാത്രം ഉപയോഗമുള്ള ഭൂരിഭാഗം വീടുകളിലും ഇപ്പോൾ വൈദ്യുതി ബിൽ ‘പൂജ്യം’ ആയി മാറിയിട്ടുണ്ട്.
വൈദ്യുതി ബില്ലിലെ ഭാരം കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഊർജത്തിലേക്ക് മാറാൻ ജനങ്ങൾ കാണിച്ച വലിയ താല്പര്യമാണ് ഈ നേട്ടത്തിന് പിന്നിൽ.
വരും നാളുകളിൽ കൂടുതൽ ഗാർഹിക ഉപഭോക്താക്കൾ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്




