മാടക്കത്തറയിൽ വനത്തിനുള്ളിലെ വെള്ളം നിറഞ്ഞ മടയിൽ വീണ തൊഴിലാളി മരണപ്പെട്ടു.

തൃശൂർ: മാടക്കത്തറയിൽ വനത്തിനുള്ളിലെ വെള്ളം നിറഞ്ഞ മടയിൽ വീണ തൊഴിലാളി മരണപ്പെട്ടു. മാടക്കത്തറ നാലാം വാർഡിൽ നീണ്ടുതലക്കൽ വീട്ടിൽ സുഭാഷ് (48) ആണ് അപകടത്തിൽപ്പെട്ടത്. തൃശൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് സുഭാഷിനെ പുറത്തെടുത്തത്.
വീടിന് സമീപമുള്ള വനത്തിനുള്ളിലെ വെള്ളം നിറഞ്ഞ മടയിലാണ് സുഭാഷ് അകപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃശൂർ അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. സേനയിലെ സ്കൂബ ഡൈവർമാരായ എ.എസ്. അനിൽജിത്തും ജിമോദ് വി.വിയും മടയിൽ മുങ്ങിയിറങ്ങി തിരച്ചിൽ നടത്തി. ചളിയും മാലിന്യങ്ങളും നിറഞ്ഞ മടയിൽ ഏകദേശം 20 അടി താഴ്ചയിൽ നിന്നാണ് സുഭാഷിനെ കണ്ടെത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി. സന്തോഷ് കുമാർ, വിപിൻ ദാസ്, ടി.സി. സജിത്ത്, വൈശാഖ് പ്രകാശൻ, ഹോം ഗാർഡുമാരായ പി.പി. ബേബി, ഐ.എസ്. തിലകൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



