Skip to content
November 12, 2026
⌕

കശ്മീരിൽ സുരക്ഷാസേനയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം; കുൽഗാമിലെ സി.ആർ.പി.എഫ് ബൂത്തിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു, മൂന്ന് ജവാന്മാർക്ക് പരിക്ക്; ലെഫ്റ്റനന്റ് ഗവർണറുടെ സന്ദർശന ദിവസം നടന്ന ആക്രമണത്തിന് പിന്നാലെ പ്രദേശം വളഞ്ഞ് സൈന്യത്തിന്റെ വ്യാപക തിരച്ചിൽ

November 12, 2026
Share this post to

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ബുധനാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. 


മിര്‍ ബസാറിന് സമീപമുള്ള സി.ആര്‍.പി.എഫ് 46-ാം ബറ്റാലിയന്‍ ക്യാമ്പിന് നേരെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈനികര്‍ തിരിച്ചടിച്ചതോടെ അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.


പ്രദേശം സുരക്ഷാസേന വളയുകയും ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ജവാന്മാരെ വിദഗ്ധ ചികിത്സയ്ക്കായി അനന്ത്‌നാഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. 

ഈ വര്‍ഷം ഇതുവരെ സി.ആര്‍.പി.എഫില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷവും, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കുല്‍ഗാമിലെ ഗവണ്‍മെന്റ് ഡിഗ്രി കോളേജില്‍ നടക്കുന്ന ത്രിദിന ‘വെഷോ ഫെസ്റ്റിവല്‍ 2026’-ല്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന അതേ ദിവസവുമാണ് ഈ ആക്രമണം അരങ്ങേറിയത്. 


സമീപ മാസങ്ങളില്‍ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്; ജൂലൈയില്‍ കുല്‍ഗാമില്‍ രണ്ട് അതിഥി തൊഴിലാളികളും അനന്ത്‌നാഗില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു. 


2025 ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന പ്രധാന ഭീകരനീക്കങ്ങളിലൊന്നാണിത്.

 

Get more updates from Pudukad News on Google