Skip to content
November 12, 2026
⌕

വിദേശികൾക്കുള്ള വിസ നടപടികൾ ലഘൂകരിച്ച് ഇന്ത്യ; പ്രധാന വിഭാഗങ്ങൾ ഒൻപതായി കുറച്ചു, അപേക്ഷാ ഫോമുകളിലെ കടമ്പകൾ 70 ശതമാനം വരെ വെട്ടിക്കുറച്ചു

November 12, 2026
Share this post to

ഡല്‍ഹി: വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാര്‍ക്കായി വിസ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍.


ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുതിയ മാറ്റങ്ങള്‍ പ്രകാരം പ്രധാന വിസ വിഭാഗങ്ങളുടെ എണ്ണം 13-ല്‍ നിന്ന് ഒന്‍പതായും ഉപവിഭാഗങ്ങള്‍ 49-ല്‍ നിന്ന് 23 ആയും വെട്ടിക്കുറച്ചു. 


ഇതിനുപുറമെ, 23 ഉപവിഭാഗങ്ങളിലെയും അപേക്ഷാ ഫോമുകളില്‍ പൂരിപ്പിക്കേണ്ട വിവരങ്ങളുടെ എണ്ണം 65 മുതല്‍ 70 ശതമാനം വരെ കുറച്ച് നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ വിസ സമ്പ്രദായങ്ങള്‍ പഠിച്ച ശേഷമാണ് 2026 ഓഗസ്റ്റ് 27-ലെ തീരുമാനപ്രകാരമുള്ള ഈ രണ്ടാംഘട്ട പരിഷ്‌കരണം നടപ്പാക്കുന്നത്.

നേരത്തെ 2025 ഒക്ടോബറില്‍ വിഭാഗങ്ങളുടെ എണ്ണം 22-ല്‍ നിന്ന് 13 ആക്കി കുറച്ചിരുന്നു. പുതിയ മാറ്റങ്ങളുടെ ഭാഗമായി ‘ടൂറിസ്റ്റ് വിസ’ എന്നത് ‘വിസിറ്റര്‍ വിസ’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ഇതില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. 


വിസിറ്റര്‍ വിസയിലെ ‘വി-1’ വിഭാഗത്തില്‍ 30 ദിവസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യത്തോടെ ബിസിനസ് മീറ്റിംഗുകള്‍, വൈദ്യപരിശോധനകള്‍, വെല്‍നസ് റിട്രീറ്റുകള്‍, ഹ്രസ്വകാല ചികിത്സ, ഇന്ത്യന്‍ ഭാഷാ-കലാ കോഴ്‌സുകള്‍ എന്നിവയ്ക്ക് അനുമതിയുണ്ടാകും.


അതേസമയം ‘വി-2’ വിഭാഗത്തില്‍ യോഗ്യതയനുസരിച്ച് ഒന്ന്, അഞ്ച് അല്ലെങ്കില്‍ പത്ത് വര്‍ഷത്തെ കാലാവധിയും പര്‍വ്വതാരോഹണത്തിന് ആറുമാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ലഭിക്കും.

ആധുനിക ചികിത്സയ്ക്കായി ‘എം-1’, ആയുഷ് ചികിത്സയ്ക്കായി ‘എം-3’ എന്നിങ്ങനെ ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി മെഡിക്കല്‍ വിസകളും രോഗികള്‍ക്കൊപ്പം വരുന്നവര്‍ക്കായി ‘എം-2’, ‘എം-4’ അറ്റന്‍ഡന്റ് വിസകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വിദ്യാര്‍ത്ഥി വിസകള്‍ സ്‌കൂള്‍-ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ക്കായി ‘എസ്-1’ എന്നും ഗവേഷകര്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍, ഇന്റേണ്‍ഷിപ്പ് എന്നിവയ്ക്കായി ‘എസ്-2’ എന്നും ഏകീകരിച്ചു. ‘സ്റ്റഡി ഇന്‍ ഇന്ത്യ’ പോര്‍ട്ടല്‍ വഴി പ്രവേശനം നേടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ഇ-എസ്1 വിസ ലഭിക്കും. 


വ്യാപാര നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിനസ് വിസകളെ ദീര്‍ഘകാല വ്യവസായ സംരംഭങ്ങള്‍ക്കുള്ള ‘ബി-1’ എന്നും കരാര്‍ ജോലികള്‍, കോണ്‍ഫറന്‍സുകള്‍, കായികം, സിനിമ എന്നിവയ്ക്കുള്ള ‘ബി-2’എന്നും തിരിച്ചിട്ടുണ്ട്.


കൂടാതെ ഫാക്ടറി നിര്‍മ്മാണം, യന്ത്രങ്ങള്‍ സ്ഥാപിക്കല്‍, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയ്ക്കായി എത്തുന്ന വിദേശ സാങ്കേതിക വിദഗ്ധര്‍ക്ക് ഇ-വിസ സംവിധാനത്തിലൂടെ ‘പ്രൊഡക്ഷന്‍ ഇന്‍വെസ്റ്റ്മെന്റ് ബിസിനസ് വിസ’ ലഭ്യമാക്കും. 

നിലവില്‍ 172 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസ സൗകര്യമുള്ള സാഹചര്യത്തില്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ.ടി സംവിധാനങ്ങള്‍ നവീകരിച്ച ശേഷം 2026 അവസാനത്തോടെ പുതിയ വിസ സമ്പ്രദായം പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരും.

 

Get more updates from Pudukad News on Google