അരവിന്ദ് കെജ്രിവാളിനും മകൾക്കും വധഭീഷണി; പിന്നിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങ്, ആവശ്യപ്പെട്ടത് ഏഴ് കോടി!

ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനും അദ്ദേഹത്തിന്റെ മകൾക്കും വധഭീഷണി! ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കുപ്രസിദ്ധനായ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ പേരിൽ ഏഴു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഭീഷണി മുഴക്കിയിരിക്കുന്നത്! എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത്..?
ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ആം ആദ്മി പാർട്ടി നേതാവും തിലക് നഗർ എംഎൽഎയുമായ ജർണൈൽ സിങ്ങിനാണ് ആദ്യം വധഭീഷണി കോളുകളും വാട്സാപ് സന്ദേശങ്ങളും ലഭിച്ചത്.
ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് ഫോൺ കോൾ എത്തിയത്. അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹത്തിന്റെ മകൾ ഹർഷിത കെജ്രിവാളിനെയും വധിക്കുമെന്നാണ് ഭീഷണി. ജീവനോടെ ഇരിക്കണമെങ്കിൽ ഏഴു കോടി രൂപ നൽകണമെന്നാണ് പ്രതികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തെത്തുടർന്ന് നവംബർ ആറിനാണ് ജർണൈൽ സിങ് മൊഹാലി പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. നിലവിൽ പഞ്ചാബ് പോലീസും ഡൽഹി പോലീസും സംയുക്തമായി ഈ ഭീഷണിയെ ഗൗരവത്തോടെയാണ് കാണുന്നത്. ഫോൺ കോളുകൾ വന്ന നമ്പറുകൾ, വാട്സാപ് ഐപി ലോഗുകൾ, ലൊക്കേഷൻ ഡാറ്റ എന്നിവ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നാണ് ഭീഷണികൾ വരുന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
രാഷ്ട്രീയ വൃത്തങ്ങളിലും സുരക്ഷാ ഏജൻസികൾക്കിടയിലും വലിയ ആശങ്കയാണ് ഈ സംഭവം സൃഷ്ടിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ വധഭീഷണി ഉണ്ടായത് വലിയ ചർച്ചയായിരിക്കുകയാണ്.




