ട്വൻറിഫോർ ന്യൂസ് ഡെസ്കിൽ വീണ്ടും കൂട്ടരാജി പ്രതിസന്ധി; പ്രധാന അവതാരിക അസിത സഹീർ ചാനൽ വിട്ടു. എത്തുന്നത് അനിൽ അയിരൂരിന്റെ ബിഗ് ടിവിയിലേക്ക്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനാത്മക ഇൻട്രോ അവതരിപ്പിച്ചതിന് പിന്നാലെ എഡിറ്റോറിയൽ വിഭാഗത്തിൽനിന്ന് അവഗണന നേരിട്ടെന്ന് റിപ്പോർട്ട്. രാത്രി ചർച്ചാ പരിപാടികളിൽനിന്ന് മാറ്റിനിർത്തിയതായും ആരോപണം. ഒരുവർഷം തികയുംമുമ്പേ അസിതയുടെ പടിയിറക്കം. നേരത്തേ പ്രമുഖ എഡിറ്റോറിയൽ ജീവനക്കാരും രാജിവെച്ചതോടെ പ്രതിസന്ധിയിലായി ട്വൻറിഫോർ ന്യൂസ് ഡെസ്ക്

കോട്ടയം: പ്രമുഖരുടെ കൊഴിഞ്ഞുപോക്കിൽ അനുദിനം ശുഷ്കമായിക്കൊണ്ടിരിക്കുന്ന ട്വൻറിഫോർ ന്യൂസ് ഡെസ്കിന് കനത്ത ആഘാതമേൽപ്പിച്ച് കൊണ്ട് പ്രധാന അവതാരിക അസിത സഹീർ ചാനലിൽ നിന്ന് രാജിവെച്ചു. എഡിറ്റോറിയൽ തലപ്പത്ത് നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന തുടർച്ചയായ അവഗണനയിൽ മനംമടുത്താണ് ചാനലിൽ എത്തി ഒരു വർഷം തികയ്ക്കും മുൻപേ അസിത സഹീർ ട്വൻറിഫോർ വിടുന്നത്.
ഈമാസം 7ന് രാജിക്കത്ത് നൽകിയ അസിത ദീപാവലി ദിവസമായ 8ന് ട്വൻറിഫോറിൽ നിന്നിറങ്ങി.പഴയ ട്വൻറിഫോർ സാരഥി അനിൽ അയിരൂരിൻെറ ബിഗ് ടിവിയാണ് അസിതയുടെ പുതിയ തട്ടകം. അടുത്തയാഴ്ച അസിത ബിഗ് ടിവിയുടെ ന്യൂസ് ഡസ്കിൽ ജോയിൻ ചെയ്യും. ട്വൻറി ഫോറിൽ ലഭിച്ചിരുന്നതിനേക്കാൾ ഇരട്ടി ശമ്പളത്തിലാണ് അസിതയുടെ ബിഗ് ടിവിയിലേക്കുളള മാറ്റം.
എന്നാൽ ശമ്പളത്തിലോ ആനുകൂല്യങ്ങളിലോ ഉളള വിയോജിപ്പല്ല അസിത ട്വൻറിഫോർ വിടാനുളള കാരണം.
ചാനലിൻെറ രാത്രിയിലെ ചർച്ചാ പരിപാടിയായ എൻകൌണ്ടറിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനമടങ്ങുന്ന ഇൻട്രോ പറഞ്ഞതിന് ശേഷം അസിതാ സഹീറിന് ട്വൻറിഫോർ എഡിറ്റോറിയൽ മേധാവികളിൽ നിന്ന് വലിയ അവഗണനയാണ് നേരിട്ടുകൊണ്ടിരുന്നത്.
വിമർശനത്തിന് തൊട്ട് പിന്നാലെ തന്നെ അന്തിച്ചർച്ചയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട അസിതാ സഹീറിനെ കുറെക്കാലം ആ ഭാഗത്തേക്ക് അടുപ്പിച്ചതേയില്ല. പിന്നീട് പ്രധാന അവതാരകരായ ഹാഷ്മി താജ് ഇബ്രാഹിമോ കെ.ആർ.ഗോപീകൃഷ്ണനോ ഇല്ലാത്തപ്പോൾ മാത്രമാണ് അസിതയ്ക്ക് രാത്രി ചർച്ച അവതരിപ്പിക്കാൻ അവസരം കിട്ടാറുണ്ടായിരുന്നത്.
ചർച്ചയ്ക്ക് മുൻപ് ഇൻട്രോയും തലക്കെട്ടും മാത്രം താൻ കണ്ടിട്ടേ അവതരിപ്പിക്കാൻ പാടുളളുവെന്ന് ഹെഡ് ഓഫ് ന്യൂസ് സി.ഉണ്ണികൃഷ്ണൻെറ കർശന നിർദ്ദേശമുണ്ടായിരുന്നു.
മാധ്യമ പ്രവർത്തനവുമായി ബന്ധമില്ലാത്ത ഉണ്ണികൃഷ്ണൻെറ സൂക്ഷ്മ പരിശോധന കഴിഞ്ഞാണ് അസിതയുടെ സ്ക്രിപ്റ്റ് വെളിച്ചം കണ്ടിരുന്നത്. അസിത തയാറാക്കുന്ന ഇൻട്രോയിൽ മാറ്റം വരുത്താൻ ഉണ്ണികൃഷ്ണൻ നിർദ്ദേശിക്കുന്നതും പതിവായിരുന്നു.
അസിത അവതരിപ്പിക്കുന്ന മറ്റ് ന്യൂസ് ഷോകളിലും ഉണ്ണികൃഷ്ണൻെറയോ അദ്ദേഹം നിയോഗിക്കുന്ന ന്യൂസ് ഡസ്കിലെ ശിങ്കിടികളുടെയോ രഹസ്യ സ്ക്രൂട്ടിനിയുണ്ടായിരുന്നു. അസിത സഹീറിൻെറ സിപിഎം അനുകൂല നിലപാടാണ് ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായരുടെയും ഹെഡ് ഓഫ് ന്യൂസ് സി.ഉണ്ണികൃഷ്ണൻെറയും എതിർപ്പിൻെറ കാരണം.
മുഖ്യമന്ത്രി അടക്കമുളള അധികാര കേന്ദ്രങ്ങൾക്കെതിരെ ചെറിയ വിമർശനം പോലും നടത്താൻ ട്വെന്റി ഫോര് തയ്യാറാകാറില്ല.
നിരന്തരം നിരീക്ഷണത്തിലാകുകയും പ്രധാന പരിപാടികളിൽ നിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്തതോടെയാണ് അസിത ട്വൻറി ഫോർ വിടാൻ നിർബന്ധിതയായത്. റിപോർട്ടർ ടിവിയിൽ നിന്നും ബിഗ് ടിവിയിൽ നിന്നും ഓഫർ ഉണ്ടായിരുന്നെങ്കിലും ബിഗ് ടിവിയുടെ ഓഫറാണ് അവർ തിരഞ്ഞെടുത്തത്.
ചാനലിൻെറ സ്റ്റാർ അവതാരകനും ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരുടെ വിശ്വസ്തനുമായ ഹാഷ്മി താജ് ഇബ്രാഹിമിൻെറ അനിഷ്ടവും അസിതയെ ഒതുക്കാൻ കാരണമായിട്ടുണ്ടെന്നാണ് ട്വൻറിഫോറിലെ മാധ്യമപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാന അവതാരകർ അണിനിരന്ന സംവാദ പരിപാടിയിൽ ഹാഷ്മിയുടെ കോൺഗ്രസ് അനുകൂല നിലപാടുകളെ അസിത തകർത്ത് തരിപ്പണമാക്കി വിടുന്നത് പതിവ് കാഴ്ചയായിരുന്നു.
യുഡിഎഫിന് ഘോര ഘോരം വാദിച്ച് മാസ് അടികൾ നടത്തിക്കൊണ്ടിരുന്ന ഹാഷ്മി താജിന് കനത്ത പ്രഹരമായിരുന്നു അത്. ഇതോടെ സൈബറിടത്തെ സിപിഎം അനുകൂലികൾ അസിതയുടെ വിമർശനങ്ങൾ പ്രചരിപ്പിച്ച് ഹാഷ്മിക്കെതിരെ വലിയ കാമ്പയിൻ നടത്തുകയും ചെയ്തിരുന്നു.
ഇതിൽ അസ്വസ്ഥനായ ഹാഷ്മി ശ്രീകണ്ഠൻ നായരോട് നേരിട്ട് പരാതിപ്പെടുകയും തുടർന്ന് അസിതയെ ഒതുക്കുകയും ചെയ്തു.വോട്ടെണ്ണൽ ദിനം ശ്രീകണ്ഠൻ നായർക്കും ഹാഷ്മിക്കും ഒപ്പം ഫലം പ്രഖ്യാപിക്കാൻ ട്വൻറി ഫ്ളോറിൽ ഉണ്ടായിരുന്ന അസിതയെ ഒതുക്കാൻ യുഡിഎഫ് വിജയവും കാരണമായിട്ടുണ്ട്.
ന്യൂസ് ഡസ്കിലെ ഊർജസ്വലയായ യുവഅവതാരികയായിരുന്നു അസിത. അസിതയേക്കാൾ പരിചയ സമ്പത്തും മറ്റുമുളള വനിതാ അവതാരകർ ഉണ്ടെങ്കിലും അവർക്കാർക്കും പൊതു രാഷ്ട്രീയ വിഷയങ്ങളിൽ സാമാന്യ ജ്ഞാനമോ ഊർജസ്വലതയോ ഇല്ല.
എക്സിക്യൂട്ടീവ് എഡിറ്റർ ബി.ദിലീപ് കുമാറും അദ്ദേഹത്തിന് പിന്നാലെ ഉന്മേഷ് ശിവരാമനും മുഹമ്മദ് അൻവറും അടക്കം രാജിവെച്ചതോടെ ട്വൻറിഫോർ ന്യൂസ് ഡസ്ക് ആൾക്ഷാമം കൊണ്ട് വലയുകയാണ്. ദീലീപ് കുമാർ പോകുന്നതിന് മുൻപ് തന്നെ ഡസ്കിലെ പ്രധാനികളായ പലരും റിപോർട്ടറിലേക്കും ബിഗ് ടിവിയിലേക്കും പോയിരുന്നു.
ദീലീപും സംഘവും കൂടി പോയതോടെ സംഭവിക്കുന്ന വാർത്തകളെ മനസിലാക്കി കൃത്യതയോടെ അവതരിപ്പിക്കുന്നതിൽ പ്രാവീണ്യമോ പരിചയസമ്പത്തോ ഉളള ആരും ന്യൂസ് ഡസ്കിൽ ഇല്ല എന്നതാണ് അവസ്ഥ.
അവരിൽ പലരും ഹെഡ് ഓഫ് ന്യൂസ് സി.ഉണ്ണികൃഷ്ണൻെറ രീതികളിൽ അതൃപ്തി ഉള്ളവരും ഭിന്നതയിലുമാണ് . ഇങ്ങനെ പോയാൽ ട്വൻറിഫോർ ന്യൂസ് ഡസ്ക് ഉപ്പുവെച്ച കലം പോലെയാകുമെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരം. ശമ്പളം വർദ്ധിപ്പിക്കാത്തതിലും ചാനലിലെ എല്ലാ വിഭാഗം ജീവനക്കാരും അസ്വസ്ഥരാണ്.




