Skip to content
November 13, 2026
⌕

പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സീനിയർ അഭിഭാഷക പദവി; ഹൈക്കോടതി ഫുൾകോർട്ടിന്റെ ഏകകണ്ഠ തീരുമാനം | P S Sreedharan Pillai

November 12, 2026
Share this post to
P S Sreedharan Pillai

കൊച്ചി: ബിജെപി നേതാവും മുൻ ഗവർണറും മുതിർന്ന അഭിഭാഷകനുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സീനിയർ അഭിഭാഷക പദവി നൽകാൻ കേരള ഹൈക്കോടതി ഫുൾകോർട്ട് തീരുമാനിച്ചതായി റിപ്പോർട്ട് ( P S Sreedharan Pillai). നിയമരംഗത്തെ ദീർഘകാലത്തെ പ്രവർത്തനപരിചയം, പ്രാവീണ്യം, തൊഴിൽപരമായ മികവ് എന്നിവ പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം.

സീനിയർ അഭിഭാഷക പദവിക്കായി ശ്രീധരൻപിള്ള അപേക്ഷ നൽകിയിരുന്നില്ലെന്നും ഹൈക്കോടതി ഫുൾകോർട്ട് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നുമാണ് റിപ്പോർട്ടുകൾ. അപേക്ഷയില്ലാതെ സ്വമേധയാ പദവി നൽകാനുള്ള നടപടി അപൂർവമായാണ് വിലയിരുത്തപ്പെടുന്നത്.

നാലുപതിറ്റാണ്ടിലേറെ നിയമരംഗത്ത്

നാലുപതിറ്റാണ്ടിലേറെയായി നിയമരംഗത്ത് പ്രവർത്തിക്കുന്ന ശ്രീധരൻപിള്ള കീഴ്‌ക്കോടതികൾ മുതൽ സുപ്രീംകോടതിവരെ നിരവധി പ്രധാന കേസുകളിൽ ഹാജരായിട്ടുണ്ട്. കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ 12 കേസുകളിൽ അദ്ദേഹത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ, സി.ബി.ഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മിസോറാമിലും ഗോവയിലും ഗവർണർ

മിസോറാം, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി ശ്രീധരൻപിള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ രജിസ്റ്റേർഡ് ഗ്രാജുവേറ്റ്സ് കോൺസ്റ്റിറ്റുവൻസിയിൽനിന്ന് തുടർച്ചയായി മൂന്നുതവണ സെനറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിയമലേഖനത്തിനുള്ള അഡ്വ. കെ. കുഞ്ഞിരാമമേനോൻ സ്മാരക അവാർഡ്, മികച്ച പൊതുപ്രവർത്തകനുള്ള ശ്രീനാഥാശ്രമം അവാർഡ്, മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്‌കാരം, പോപ്പ് ജോൺ പോൾ മാർപാപ്പ സ്മാരക പ്രതിഭാ പുരസ്‌കാരം, എൻ.എസ്.എസിന്റെ ചട്ടമ്പിസ്വാമികൾ സ്മാരക അവാർഡ്, എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

280 കൃതികളുടെ രചയിതാവ്

അഭിഭാഷകനെന്നതിനു പുറമെ എഴുത്തുകാരൻ കൂടിയാണ് ശ്രീധരൻപിള്ള. കവിത, കഥ, ലേഖനം, നിയമപഠനം തുടങ്ങിയ മേഖലകളിലായി 280 കൃതികൾ രചിച്ചിട്ടുണ്ട്. ‘നീതിയുടെ രാഷ്ട്രീയം’, ‘വധശിക്ഷ’, ‘ഭാരതത്തിന്റെ ഭരണഘടന’, ‘ചിരിയും ചിന്തയും കറുത്തകോട്ടിൽ’, ‘ഷാ കമ്മീഷൻ: എക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട്’, ‘വക്കീൽ ഡയറി’ എന്നിവയാണ് നിയമരംഗവുമായി ബന്ധപ്പെട്ട പ്രധാന കൃതികളിൽ ചിലത്.

സാഹിത്യത്തിലും നിയമത്തിലുമായി മൂന്ന് സർവകലാശാലകൾ അദ്ദേഹത്തിന് ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 2012ൽ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ അഭിഭാഷകരംഗത്തെ മികച്ച സാഹിത്യകാരനുള്ള പുരസ്‌കാരവും നൽകി.

കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദം നേടിയ ശേഷമാണ് അഭിഭാഷകവൃത്തിയിലേക്ക് കടന്നുവന്നത്. കാൽനൂറ്റാണ്ടായി മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന ‘വിജിൽ’ സംഘടനയുടെ സ്ഥാപകനുമാണ്.

രാഷ്ട്രീയ രംഗത്തും സജീവം

ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, രണ്ടുതവണ സംസ്ഥാന പ്രസിഡന്റ്, ദേശീയ കൗൺസിൽ അംഗം, ലക്ഷദ്വീപിന്റെ പാർട്ടി ചുമതലക്കാരൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ അഡ്വ. കെ. റീത. മക്കൾ അഡ്വ. അർജുൻ ശ്രീധർ, ഡോ. ആര്യ അരുൺ. മരുമക്കൾ അഡ്വ. അരുൺ കൃഷ്ണധൻ, ഡോ. ജിപ്സ.

Story Summary:
The Kerala High Court Full Court has reportedly decided to designate former Governor and senior lawyer P.S. Sreedharan Pillai as a Senior Advocate. The decision is said to recognise his decades of legal experience and professional contributions. Pillai has also served as Governor of Mizoram and Goa, held positions in the BJP, and authored around 280 books and publications.

Get more updates from Pudukad News on Google