ഭിന്നശേഷിക്കാർക്കായി ‘നോ ബാരിയേഴ്സ്’ പദ്ധതി; ഈ മാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി | Kerala No Barriers scheme

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹം ആദരവോടെ ചേർത്തുപിടിക്കുന്ന പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി ‘നോ ബാരിയേഴ്സ്’ (Kerala No Barriers scheme) എന്ന വിപുലമായ പദ്ധതി ഈ മാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വികസിത രാജ്യങ്ങളിലെ ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള സമഗ്ര ഭിന്നശേഷി നയവും പദ്ധതികളും സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിപി വേൾഡ്, റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം സെൻട്രൽ, ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി (BMVSS–ജയ്പൂർ ഫൂട്ട്) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കൃത്രിമ അവയവ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്തെ വഴുതക്കാട് ഫ്രീമേസൺസ് ഹാളിലാണ് നാല് ദിവസത്തെ ക്യാമ്പ് നടക്കുന്നത്.
ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും ഒറ്റയ്ക്കല്ലെന്നും സർക്കാർ അവർക്കൊപ്പം ഉണ്ടെന്നുമുള്ള സന്ദേശമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീനിയർ സിറ്റിസൺസിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2018ലെ പ്രളയകാലം മുതൽ റോട്ടറി ക്ലബ്ബുകളും ഡിപി വേൾഡും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, സാധാരണക്കാർക്ക് താങ്ങാനാവാത്ത ചെലവുള്ള കൃത്രിമ അവയവങ്ങൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രാധാന്യവും വിശദീകരിച്ചു.
400 പേർക്ക് സൗജന്യ സഹായ ഉപകരണങ്ങൾ
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്നുമായി ചലനശേഷി സംബന്ധമായ വെല്ലുവിളികൾ നേരിടുന്ന 400 പേർക്കാണ് ക്യാമ്പിലൂടെ സൗജന്യമായി കൃത്രിമ അവയവങ്ങളും കാലിപ്പറുകളും മറ്റ് സഹായ ഉപകരണങ്ങളും നൽകുന്നത്.
ഓരോരുത്തരുടെയും ശാരീരിക ആവശ്യങ്ങൾ പ്രത്യേകം വിലയിരുത്തിയ ശേഷമാണ് ഉപകരണങ്ങൾ തയ്യാറാക്കുന്നത്. ജയ്പൂർ ഫൂട്ടിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തിക്ക് അനുയോജ്യമായ രീതിയിൽ ഉപകരണങ്ങൾ നിർമിച്ച് ഘടിപ്പിച്ചുനൽകും. നവംബർ 12 മുതൽ 15 വരെയാണ് ക്യാമ്പ്.
ചടങ്ങിൽ 2026 ജൂണിലുണ്ടായ റോഡപകടത്തിൽ കാൽ നഷ്ടപ്പെട്ട കുശവരക്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി അനുഗ്രഹ എൽ.വി. നായർക്ക് മുഖ്യമന്ത്രി കൃത്രിമ കാൽ കൈമാറി. റോട്ടറി ക്ലബ്ബിൽ 40 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളെയും അദ്ദേഹം ആദരിച്ചു.
സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായ പദ്ധതി
കേവലം ബിസിനസ് പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ പ്രവർത്തിക്കുന്ന സമൂഹങ്ങളിൽ ശാശ്വതമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഡിപി വേൾഡ് പോർട്ട്സ് ആൻഡ് ടെർമിനൽസ് (നവ സേവ) സി.ഇ.ഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു. യഥാർഥ ആവശ്യക്കാരെ കണ്ടെത്തി അവർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സഹായങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുന്ന താഴെത്തട്ടിലുള്ളവരിലേക്ക് അർഥവത്തായ പിന്തുണ എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം സെൻട്രൽ പ്രസിഡന്റ് പ്രേം കുമാർ തമ്പി പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെയാണ് പദ്ധതി യാഥാർഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി, ചെന്നൈ, പൻവേൽ, മുന്ദ്ര, ആഗ്ര, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിപ്പിച്ച സമാന ക്യാമ്പുകളിലൂടെ ഇതുവരെ 1,220ലേറെ കൃത്രിമ അവയവങ്ങളും നിരവധി ചലനസഹായ ഉപകരണങ്ങളും ഡിപി വേൾഡ് വിതരണം ചെയ്തിട്ടുണ്ടെന്നാണ് സംഘാടകരുടെ കണക്ക്.
ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ ജി. നായർ, ഡിപി വേൾഡ് പോർട്ട്സ് ആൻഡ് ടെർമിനൽസ് (നവ സേവ) സി.ഇ.ഒ ജിബു കുര്യൻ ഇട്ടി, റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം സെൻട്രൽ സെക്രട്ടറി ചന്ദു ഗുപ്ത, ഡിസ്ട്രിക്ട് പ്രോജക്ട് ചെയർ സി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Story Summary :
Chief Minister V.D. Satheesan announced that Kerala will launch the ‘No Barriers’ initiative this month to promote inclusion and support for persons with disabilities. A four-day free artificial limb distribution camp, organised by DP World, Rotary Club of Thiruvananthapuram Central and BMVSS–Jaipur Foot, will provide artificial limbs, calipers and mobility aids to 400 beneficiaries from Kerala and Kanyakumari. The camp is being held from November 12 to 15 in Thiruvananthapuram.




