പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ തീവണ്ടിയിൽനിന്ന് വീണ് മരിച്ചു | Kollam Mohan

കൊല്ലം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ (73) തീവണ്ടിയിൽനിന്ന് വീണ് മരിച്ചു (Kollam Mohan). കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം കുഴിത്തുറ വെസ്റ്റിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സഹോദരങ്ങൾക്കൊപ്പം മാർത്താണ്ഡത്തെ കുടുംബക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
കേരളശബ്ദം, നാന, കുങ്കുമം, മഹിളാരത്നം, ജ്യോതിഷരത്നം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കായി നിരവധി ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘മുഖാമുഖം’, ‘അനന്തരം’, ‘മതിലുകൾ’ തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘രാധ എന്ന പെൺകുട്ടി’, ‘കലിക’ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.
ദേശീയ, അന്തർദേശീയ തലങ്ങളിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മാക്ടയിലെ ആജീവനാന്ത അംഗമായിരുന്ന മോഹൻ ഫെഫ്ക ഫോട്ടോഗ്രാഫേഴ്സ് യൂണിയനിലും അംഗമായിരുന്നു.
മാർത്താണ്ഡത്ത് ജനനം; കൊല്ലത്ത് പ്രശസ്തി
1953 ഓഗസ്റ്റ് അഞ്ചിന് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് ശങ്കരനാരായണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണ് മോഹൻ ജനിച്ചത്. മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട് കൊല്ലത്തെത്തിയ ശേഷമാണ് ‘കൊല്ലം മോഹൻ’ എന്ന പേരിൽ പ്രശസ്തനായത്. കരീപ്പുഴ മണലിൽ ക്ഷേത്രത്തിന് സമീപമുള്ള ആനേഴത്ത് മുക്ക് ലക്ഷ്മി ഭവനിലായിരുന്നു താമസം.
‘സൂം ലെൻസിലൂടെ മോഹൻലാൽ’, ‘ക്യാമറയ്ക്ക് മുന്നിലും പിന്നിലും’ എന്നീ പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: രുഗ്മിണിദേവി. മക്കൾ: രഞ്ജിത്ത് മോഹൻ, രഞ്ജിനി. മരുമകൻ: ആദർശ്.
നാഗർകോവിലിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച കൊല്ലത്തെത്തിക്കും. മുളങ്കാടകം ശ്മശാനത്തിലാണ് സംസ്കാരം നടത്തുക.
Story Summary:
Veteran still photographer Kollam Mohan, 73, died after falling from a train at Kuzhithurai West near Marthandam on Thursday evening. He was known for his work in several Malayalam publications and as a still photographer for films including Adoor Gopalakrishnan’s Mukhamukham, Anantharam and Mathilukal. He also published books on photography and received several awards.




