
കണ്ണൂർ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജനപ്രതിനിധികൾ ജയിലിലായതിനെത്തുടർന്ന് കണ്ണൂർ ജില്ലയിലെ രണ്ട് നഗരസഭാ വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കലിലേക്ക്. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് അംഗം വി.കെ. നിഷാദ്, തലശ്ശേരി നഗരസഭയിലെ ബിജെപി അംഗം യു. പ്രശാന്ത് എന്നിവരുടെ കൗൺസിലർ സ്ഥാനമാണ് നിയമക്കുരുക്കിലായിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം റദ്ദാക്കണമെന്ന ചട്ടപ്രകാരം ഇവർക്ക് സ്ഥാനം നഷ്ടമായേക്കും. നിശ്ചിത സമയത്തിനകം ഇരുവരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന വിവരം നഗരസഭാ സെക്രട്ടറിമാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി പത്തനംതിട്ട ഡിസിസി
പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ നിന്ന് ജയിച്ച വി.കെ. നിഷാദിനെ തിരഞ്ഞെടുപ്പ് നടപടികൾക്കിടയിലാണ് വധശ്രമക്കേസിൽ തടവിന് ശിക്ഷിച്ചത്. നാമനിർദേശ പത്രിക നൽകിയ ശേഷം വിധി വന്നതിനാൽ മത്സരിക്കാൻ തടസ്സമുണ്ടായില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുൻപേ നിഷാദ് ജയിലിലായി. സമാനമായ രീതിയിൽ തലശ്ശേരി 37-ാം വാർഡിൽ നിന്ന് വിജയിച്ച യു. പ്രശാന്തും വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ ഒരു മാസത്തിനകം സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഇവരുടെ പദവി സ്വമേധയാ ഒഴിഞ്ഞതായി കമ്മീഷൻ പ്രഖ്യാപിക്കാനാണ് സാധ്യത.
കോടതി ശിക്ഷിച്ചതോടെ ഇരുവരും മത്സരരംഗത്തുനിന്ന് അയോഗ്യരാക്കപ്പെടുകയും ചെയ്യും. ഇതോടെ ഈ രണ്ട് വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. നിലവിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും നടപടികൾ നീണ്ടുപോകുന്നത് ഇവർക്ക് തിരിച്ചടിയായി. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ അന്തിമ തീരുമാനമെടുക്കും.
The post ജയിലിലായതിനാൽ സത്യപ്രതിജ്ഞ മുടങ്ങി; പയ്യന്നൂരിലും തലശ്ശേരിയിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു appeared first on Express Kerala.



