Skip to content
November 15, 2026
⌕

ഹവല്ലിയിൽ വൻ സുരക്ഷാ പരിശോധന; പിടികിട്ടാപ്പുള്ളികളും ലഹരിമരുന്ന് സംഘവും ഇഖാമ ലംഘകരും പിടിയിൽ

November 13, 2026
Share this post to

കുവൈത്ത്: ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന വിപുലമായ സുരക്ഷാ പരിശോധനയിൽ ആകെ 928 നിയമനടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും കണ്ടെത്തുന്നതിനും, ഗവർണറേറ്റിൽ സുരക്ഷാ വിന്യാസവും ഗതാഗത അച്ചടക്കവും ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശോധന.

സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് അഫയേഴ്‌സ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുൾ അസീസ് ബന്ദർ അൽ-ഒമർ, ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹുസൈൻ മുഹമ്മദ് ദഷ്തി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഫാരെസ് അൽ-മുഅസ്സബ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കാമ്പയിൻ.

ജനറൽ ഫയർ ഫോഴ്‌സ്, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടപ്പിലാക്കിയത്.

പരിശോധനയുടെ ഭാഗമായി ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് 10 സുരക്ഷാ ചെക്ക്‌പോസ്റ്റുകളും ഫീൽഡ് പരിശോധനകളും സംഘടിപ്പിക്കുകയും 84 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 33 പേരെയും, ഇഖാമ സംബന്ധമായ 66 കേസുകളും, അനധികൃത തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച 16 പേരെയും അധികൃതർ പിടികൂടി. കൂടാതെ തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയ 7 പേരും തിരിച്ചറിയൽ രേഖകളില്ലാതെ കഴിഞ്ഞിരുന്ന 4 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

ലഹരിമരുന്ന് കൈവശം വെച്ച 4 പേരെയും മദ്യവും മറ്റ് ലഹരിവസ്തുക്കളും കൈവശം വെച്ച 4 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സിവിൽ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 9 പേർ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 4 പേർ, അറസ്റ്റ് വാറണ്ടുള്ള 3 പേർ, അധികൃതർ തിരയുന്ന 6 സാധാരണക്കാർ എന്നിവരെയും വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടി.

ഇതിനുപുറമെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന 8 വാഹനങ്ങൾ നീക്കം ചെയ്യുകയും 20 കേസുകളിൽ മാനുഷിക സഹായങ്ങൾ നൽകുകയും ചെയ്തു.

ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് മാത്രം 758 നടപടികളാണ് സ്വീകരിച്ചത്. ബാക്കിയുള്ള നടപടികൾ കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ-വ്യവസായ മന്ത്രാലയം, ജനറൽ ഫയർ ഫോഴ്‌സ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. പിടിയിലായവർക്കെതിരെ അതത് വകുപ്പുകളുടെ അധികാരപരിധി അനുസരിച്ച് തുടർനിയമനടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Get more updates from Pudukad News on Google