ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ് സേവനങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു; 1.3 ലക്ഷത്തോളം പരാതികൾ ഉയർന്ന പ്രതിസന്ധിക്ക് പിന്നിൽ സൈബർ ആക്രമണമല്ല, ഓട്ടോമേറ്റഡ് സെർവർ ഹെൽത്ത് ചെക്കുകളിലെ തകരാറാണെന്ന് മൈക്രോസോഫ്റ്റിന്റെ സ്ഥിരീകരണം

വാഷിംഗ്ടണ്‍: വ്യാഴാഴ്ച ആരംഭിച്ച ആഗോള സാങ്കേതിക തകരാറിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ് ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ അഞ്ച് മണിക്കൂറിലധികം തടസ്സപ്പെടുകയും ഏകദേശം 24 മണിക്കൂറായിട്ടും പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ കഴിയാതെ പ്രതിസന്ധി തുടരുകയും ചെയ്യുന്നു.
സേവന തടസ്സങ്ങള്‍ നിരീക്ഷിക്കുന്ന ‘ഡൗണ്‍ ഡിറ്റക്ടര്‍’ വെബ്സൈറ്റില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ വേഡ്, എക്‌സല്‍, പവര്‍പോയിന്റ്, ഔട്ട്ലുക്ക്, ടീംസ്, ഷെയര്‍പോയിന്റ്, വണ്‍ഡ്രൈവ് എന്നിവയുമായി ബന്ധപ്പെട്ട് 1,30,000-ത്തോളം പരാതികളാണ് രേഖപ്പെടുത്തിയത്.
തുടക്കത്തില്‍ വടക്കേ അമേരിക്കന്‍ മേഖലയിലാണ് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതെങ്കിലും പിന്നീട് ആഗോളതലത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഇമെയില്‍ സേവനമായ ഔട്ട്ലുക്കിനെയാണ് തകരാര്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത്.
ഇന്‍ബോക്‌സ് തുറക്കാനും ഇമെയിലുകള്‍ അയക്കാനും സ്വീകരിക്കാനും എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ മെയില്‍ബോക്‌സുകളുമായി ബന്ധിപ്പിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കാതെ വന്നു.
ഇതോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് ടീംസ്, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളായ ഷെയര്‍പോയിന്റ് ഓണ്‍ലൈന്‍, വണ്‍ഡ്രൈവ്, എ.ഐ അസിസ്റ്റന്റായ മൈക്രോസോഫ്റ്റ് 365 കോപൈലറ്റ്, സുരക്ഷാ പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ എക്‌സ്.ഡി.ആര്‍, പ്ലാനര്‍, ടു ഡു, ഇന്‍ട്യൂണ്‍, മൈക്രോസോഫ്റ്റ് പര്‍വ്യൂ എന്നിവയുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ അമിത ഭാരമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മൈക്രോസോഫ്റ്റ് ആദ്യം കരുതിയിരുന്നതെങ്കിലും, ഉപയോക്താക്കളുടെ തിരക്ക് വര്‍ദ്ധിച്ചതല്ല മറിച്ച് നിരവധി സെര്‍വറുകള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനരഹിതമായതാണ് ശേഷിക്കുന്ന സെര്‍വറുകളില്‍ അമിത സമ്മര്‍ദ്ദമുണ്ടാക്കിയതെന്ന് കമ്പനി പിന്നീട് വ്യക്തമാക്കി.
സെര്‍വറുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ഹെല്‍ത്ത് ചെക്കുകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സെര്‍വറുകള്‍ പ്രവര്‍ത്തനരഹിതമായതെന്നും, ഈ പരിശോധനകള്‍ നടത്തുന്ന പ്രത്യേക ഘടകത്തിലെ തകരാര്‍ പരിഹരിക്കാനും കൂടുതല്‍ സെര്‍വറുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് തടയാനും കോണ്‍ഫിഗറേഷന്‍ മാറ്റങ്ങള്‍ പരീക്ഷിച്ചുവരികയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
അതേസമയം ഈ ആഗോള സാങ്കേതിക തടസ്സത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ മറ്റ് ദുരുദ്ദേശ്യപരമായ ഇടപെടലുകളോ ഉള്ളതായി യാതൊരു സൂചനയുമില്ലെന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.




