Skip to content
November 15, 2026
⌕

വന്യജീവി സംരക്ഷണ ഫണ്ട്‌ വെട്ടിക്കാൻ പദ്ധതി ചെലവ് 99 ശതമാനം കുറച്ചു കാണിച്ചു: അദാനി ഗ്രൂപ്പിനെതിരെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

November 13, 2026
Share this post to

മുംബൈ: മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പിന്റെ ജലവൈദ്യുത പദ്ധതി നിർമ്മാണ ചെലവിൽ ക്രമക്കേടെന്ന് പരാതി. വന്യജീവി സംരക്ഷണ ഫണ്ട്‌ വെട്ടിക്കാൻ പദ്ധതി ചെലവ് 99 ശതമാനം കുറച്ചു കാണിച്ചുവെന്നാണ് ആരോപണം. 

കേന്ദ്ര പരിസ്ഥിതി വകുപ്പിന് നൽകിയ അപേക്ഷയിലുണ്ടായിരുന്ന നിർമ്മാണ ചെലവ് 5675 രൂപയായിരുന്നു. എന്നാൽ പിന്നീട് മഹാരാഷ്ട്ര വനം വകുപ്പിന് നൽകിയ സത്യവാങ്‌മൂലത്തിൽ 56.75 കോടി രൂപയാക്കി മാറ്റി. 

ഇത് വനം വകുപ്പിന് നൽകേണ്ട 227 കോടി രൂപ വെട്ടിക്കാൻ നടത്തിയ നീക്കമാണെന്നാണ് പരാതി. വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നിർമ്മിക്കുന്ന 1,500 മെഗാവാട്ട് ശേഷിയുള്ള തരളി പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ചെലവിൽ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 

സഹ്യാദ്രി കടുവ സങ്കേതത്തിന്റെ ഭാഗമായ കൊയ്‌ന വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയിലാണ് പദ്ധതി വരുന്നത്. 2025 ഫെബ്രുവരിയിലെ പരിസ്ഥിതി അനുമതി രേഖകളിൽ 5,675 കോടി രൂപയായിരുന്നു പദ്ധതി ചെലവായി കാണിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് 56.75 കോടി രൂപയായി വെട്ടിക്കുറച്ചു.

പദ്ധതി ചെലവിന്റെ നാല് ശതമാനം വന്യജീവി സംരക്ഷണത്തിനായി നൽകണമെന്ന വ്യവസ്ഥ പ്രകാരം കമ്പനി 227 കോടി രൂപ നൽകേണ്ടതായിരുന്നു. എന്നാൽ പുതുക്കിയ കണക്ക് പ്രകാരം ഇത് വെറും 2.275 കോടി രൂപയായി കുറഞ്ഞു.

ഇത്രയും വലിയൊരു വൈദ്യുത പദ്ധതി 56.75 കോടി രൂപയ്ക്ക് നടപ്പാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സത്താറ ജില്ലയിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ രോഹൻ ഭാട്ടെ ആണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. പരാതിയെ തുടർന്ന് വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നവംബർ ആറിന് സംസ്ഥാന വനം വകുപ്പിന് നിർദേശം നൽകി.

 

Get more updates from Pudukad News on Google