അർജന്റീന ഫുട്ബോൾ ടീം പര്യടന വിവാദം: വി. അബ്ദുറഹിമാനെതിരായ അന്വേഷണം പരിഹാസ്യമെന്ന് സിപിഐഎം | Argentina football team Kerala visit

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹിമാനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും എതിരായി നടക്കുന്ന അന്വേഷണം പരിഹാസ്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ( Argentina football team Kerala visit). അഴിമതി നടന്നത് എങ്ങനെയെന്നും ക്രമക്കേട് എവിടെയാണെന്നും വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു.
ഒരു വിഭാഗം മാധ്യമങ്ങൾ എൽഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടാൻ ഈ വിഷയം ഉപയോഗിക്കുകയാണെന്നും കോടതിയിൽ നിലനിൽക്കില്ലെന്ന് ഉറപ്പുള്ള കേസ് മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമമെന്നും സിപിഐഎം ആരോപിച്ചു. സർക്കാരിന്റെ പരാജയവും യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളും മറച്ചുവയ്ക്കാനാണ് അന്വേഷണം പ്രഹസനമാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ജിഎസ്ടി ആരോപണം തള്ളിക്കളഞ്ഞെന്ന് സിപിഐഎം
അർജന്റീന ടീമിന്റെ പര്യടനവുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്നുവന്ന ആരോപണം ജിഎസ്ടി അടച്ചില്ലെന്നതായിരുന്നുവെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. കരാറിൽ പറഞ്ഞ സേവനം ലഭിച്ചില്ലെങ്കിൽ ജിഎസ്ടി അടയ്ക്കേണ്ടതില്ലെന്ന വസ്തുത പുറത്തുവന്നതോടെ ഈ ആരോപണം പൊളിഞ്ഞെന്നും പാർട്ടി അവകാശപ്പെട്ടു.
അർജന്റീന ഇടപാടിന്റെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നതായി കായിക വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന തരത്തിൽ പ്രചാരണമുണ്ടെന്നും സിപിഐഎം പറഞ്ഞു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കണ്ടെത്തലുകൾ നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുന്നറിയിപ്പ്
ഏത് കേസിനൊപ്പവും കള്ളപ്പണ ഇടപാട് ആരോപണം ചേർത്തുവയ്ക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം ആരോപിച്ചു. കേസ് രജിസ്റ്റർ ചെയ്ത് ചോദ്യംചെയ്യലും വാർത്താപരമ്പരകളും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ശൈലിയാണ് പിന്തുടരുന്നതെന്നും പാർട്ടി വിമർശിച്ചു. സർക്കാർ പണം മുടക്കാത്തതും നടക്കാത്തതുമായ പരിപാടിയുടെ പേരിലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണം നടത്തുന്നതെന്നും സിപിഐഎം ആരോപിച്ചു.
വി. അബ്ദുറഹിമാനെയും ഷറഫലിയെയും അഴിമതിക്കാരായി ചിത്രീകരിക്കാനുള്ള സർക്കാരിന്റെയും ചില മാധ്യമങ്ങളുടെയും നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
Story Summary :
The CPI(M) state secretariat has criticised the investigation involving former Kerala Sports Minister V. Abdurahiman and his private secretary Sathypalan over the proposed Argentina football team’s Kerala visit. The party described the probe as politically motivated and demanded that the government release the sports department secretary’s report and disclose the evidence behind allegations of financial irregularities and money laundering. The CPI(M) said it would challenge attempts to portray Abdurahiman and Sharaf Ali as corrupt through political and legal means.




