കോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ. 57-കാരന്റെ വയറ്റിൽ നിന്ന് 18.3 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. അമിതമായി വയർ വീർക്കുന്നതിനെത്തുടർന്ന് ചികിത്സ തേടിയെത്തിയപ്പോഴാണ് ട്യൂമർ കണ്ടെത്തിയത്. ട്യൂമർ വളർന്ന് വൻകുടലിന്റെ ഒരു ഭാഗത്തെയും ഒരു വൃക്കയെയും ഉള്ളിലാക്കിയ നിലയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ ട്യൂമറിനൊപ്പം വൻകുടലിന്റെ ഭാഗവും ഒരു വൃക്കയും നീക്കം ചെയ്യേണ്ടി വന്നു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ 57-കാരന്റെ വയറ്റിൽ നിന്ന് 18.3 കിലോഗ്രാം ഭാരവും 48 സെന്റീമീറ്റർ വലിപ്പവുമുള്ള ട്യൂമർ നീക്കം ചെയ്തു. ‘റിട്രോ പെരിട്ടോണിയൽ സാർക്കോമ’ എന്ന വിഭാഗത്തിൽപ്പെടുന്ന ഭീമൻ മുഴയാണ് സർജിക്കൽ ഓങ്കോളജി വിഭാഗം വിജയകരമായി നീക്കം ചെയ്തത്.
അമിതമായി വയർ വീർക്കുന്നതിനെത്തുടർന്ന് ചികിത്സ തേടിയെത്തിയ കോട്ടയം സ്വദേശിയായ 57-കാരനിലാണ് പരിശോധനയിലൂടെ ട്യൂമർ കണ്ടെത്തിയത്. ട്യൂമർ വളർന്ന് വൻകുടലിന്റെ ഒരു ഭാഗത്തെയും ഒരു വൃക്കയെയും ഉള്ളിലാക്കിയ നിലയിലായിരുന്നു. അതിനാൽ, ശസ്ത്രക്രിയയിലൂടെ ട്യൂമറിനൊപ്പം വൻകുടലിന്റെ ഭാഗവും ഒരു വൃക്കയും നീക്കം ചെയ്യേണ്ടി വന്നു.
മെഡിക്കൽ കോളജിൽ റിട്രോ പെരിട്ടോണിയൽ ട്യൂമർ ശസ്ത്രക്രിയകൾ സാധാരണയായി നടക്കാറുണ്ടെങ്കിലും ഇത്രയധികം വലിപ്പവും ഭാരവുമുള്ള ട്യൂമർ നീക്കം ചെയ്യുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായി രോഗി ആശുപത്രി വിട്ടു.
സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. മുരളി ടി.വി., ഡോ. അഭിലാഷ് ആന്റണി വി., ഡോ. അനു എൻ. ജോസഫ്, ഡോ. അഞ്ചു രാജ് എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അനിൽകുമാർ, കാൻസർ സർജറി വിഭാഗം നഴ്സുമാരായ സുഷമ ബി., അനുമോൾ ബി., ടിന്റുമോൾ സി.ടി., ജീമോൾ വർഗീസ്, ആതിര പി.ആർ., അനസ്തേഷ്യ ടെക്നീഷ്യൻ ചൈത്ര സാബു, അറ്റൻഡർമാരായ അമൽ പ്രദീപ്, സൈമൺ എന്നിവരും ശസ്ത്രക്രിയാ സംഘത്തിൽ പങ്കാളികളായി.




