ഇന്ത്യ- ശ്രീലങ്ക എൻ.സി.സി. സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ കേഡറ്റുകൾ കൊളംബോയിലെത്തി

ഇരിങ്ങാലക്കുട : എൻ.സി.സി.യുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈക്ലിംഗ് ദൗത്യമായ ഇന്ത്യ- ശ്രീലങ്ക എൻ.സി.സി. സൈക്ലിംഗ് പര്യടനം 2027ന്റെ ഭാഗമായുള്ള അതിർത്തി കടന്നുള്ള യാത്രയ്ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ രണ്ട് എൻ.സി.സി. കേഡറ്റുകൾ ശ്രീലങ്കയിലെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
വിമാനത്താവളത്തിൽ എത്തിയ കേഡറ്റുകളെ ശ്രീലങ്കയുടെ പാരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഊഷ്മളമായി സ്വീകരിച്ചു.
കഴിഞ്ഞ മൂന്നു മാസത്തോളമായി കൊല്ലത്ത് നടന്ന ചിട്ടയായ സംയുക്ത പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് പര്യടനം ആരംഭിച്ചിരിക്കുന്നത്.
തൃശൂർ 7 കേരള ഗേൾസ് ബറ്റാലിയൻ എൻ.സി.സി.ക്ക് കീഴിലുള്ള സെന്റ് ജോസഫ്സ് കോളെജ് യൂണിറ്റിലെ ക്വാർട്ടർ മാസ്റ്റർ സർജന്റ് പി.എസ്. കല്യാണി, കേഡറ്റ് ലക്ഷ്മിചന്ദന എന്നിവരാണ് ഈ അഭിമാനകരമായ ദൗത്യത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
കേരളത്തിൽ നിന്നും ആകെയുള്ള ആറ് വനിതാ കേഡറ്റുകളിൽ രണ്ടുപേരും സെന്റ് ജോസഫ്സ് കോളെജിലെ വിദ്യാർഥിനികളാണ്.
പി.എസ്. കല്യാണി മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയും, ലക്ഷ്മിചന്ദന രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുമാണ്.
ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലും സുരക്ഷയിലുമാണ് ഈ സാഹസികയാത്ര നടക്കുന്നത്.
കൊളംബോയിൽ നിന്ന് സൈക്കിൾ മാർഗ്ഗം യാത്ര തിരിക്കുന്ന സംഘം ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങൾ പിന്നിട്ട് കടൽമാർഗ്ഗം ഇന്ത്യയിലെത്തുകയും, തുടർന്ന് വിവിധ സംസ്ഥാനങ്ങളിലൂടെ സൈക്കിൾ ചവിട്ടി ഏകദേശം 70 ദിവസങ്ങൾ കൊണ്ട് ന്യൂഡൽഹിയിൽ എത്തിച്ചേരുകയും ചെയ്യും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ എത്തുന്ന കേഡറ്റുകളെ പ്രധാനമന്ത്രി നേരിട്ട് സ്വീകരിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും യുവജനങ്ങളുടെ സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംയുക്ത സൈക്ലിംഗ് പര്യടനം സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള ഈ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്ക് കോളെജ് അധികൃതരും, 7 കേരള ഗേൾസ് ബറ്റാലിയൻ അധികൃതരും സുഹൃത്തുക്കളും ആശംസകൾ നേർന്നു.




