ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും ആക്‌സസ് ചെയ്തു. മെറ്റയ്ക്ക് ₹8,370 കോടി പിഴ ചുമത്തി ഇറ്റലി. ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ 60 ദിവസത്തെ സാവകാശം. 2026-ൽ അവതരിപ്പിച്ച പുതിയ ക്ലൗഡ് പ്രോസസിംഗ് ഫീച്ചറും നിരീക്ഷണത്തിൽ

മിലാൻ: ആൻഡ്രോയിഡ് ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അവരുടെ മുൻകൂർ അനുമതിയില്ലാതെ ആക്‌സസ് ചെയ്ത സംഭവത്തിൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് (Meta) 80.5 കോടി യൂറോ (ഏകദേശം ₹8,370 കോടി) പിഴ ചുമത്തി ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി.
ഉപയോക്താക്കളുടെ സമ്മതം വാങ്ങാതെയും ഇക്കാര്യം അവരെ അറിയിക്കാതെയുമാണ് കമ്പനി വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും ആക്‌സസ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. മെറ്റയുടെ ആഗോള വരുമാനത്തിന്റെ ഏകദേശം 0.47 ശതമാനത്തിന് തുല്യമാണ് ഈ പിഴത്തുക.
ഫേസ്ബുക്ക് ആപ്പിലെ ഒരു പ്രത്യേക ഫീച്ചറിലൂടെയാണ് മെറ്റ ഉപയോക്താക്കളുടെ ഫോൺ ഗാലറിയിലുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ആക്‌സസ് ചെയ്തിരുന്നത്.
ഗാലറിയിൽ നിന്ന് ഫേസ്ബുക്കിൽ പങ്കുവെക്കാൻ അനുയോജ്യമായ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് നിർദ്ദേശിച്ചു നൽകുന്നതായിരുന്നു ഈ ഫീച്ചർ. എന്നാൽ, ഇതിനായി ഉപയോക്താക്കളുടെ വ്യക്തമായ അനുമതി നേടിയിരുന്നില്ലെന്ന് ഇറ്റാലിയൻ അതോറിറ്റി കണ്ടെത്തി.
ഈ ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കാനും, ഉപയോക്താക്കളിൽ നിന്ന് പ്രത്യേകം അനുമതി തേടിയ ശേഷം മാത്രം പ്രവർത്തിപ്പിക്കാനും മെറ്റയ്ക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നടപടിയോട് മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2025-ൽ ആരംഭിച്ച അന്വേഷണത്തിൽ, ഉപയോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകൾക്ക് പരിശീലനം നൽകാൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം ഉൾപ്പെടുത്തിയിരുന്നില്ല.
എ.ഐ പരിശീലനത്തിനായി ഇത്തരം ഉള്ളടക്കങ്ങൾ ഉപയോഗിച്ചെന്ന ആരോപണം മെറ്റ നിഷേധിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, ഉപയോക്താക്കളുടെ ഗാലറിയിലുള്ള ചിത്രങ്ങളും വീഡിയോകളും ക്ലൗഡിൽ പ്രോസസ് ചെയ്യാൻ അനുവദിക്കുന്ന, 2026-ൽ മെറ്റ അവതരിപ്പിച്ച മറ്റൊരു പുതിയ ഫീച്ചറും ഇറ്റാലിയൻ അധികൃതരുടെ കർശന നിരീക്ഷണത്തിലാണ്.




