Skip to content
November 15, 2026
⌕

കള്ളനോട്ട് കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ; 28 ലക്ഷം രൂപയുടെ ഇടപാടിലെ വൈരാഗ്യം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

November 15, 2026
Share this post to

കൊല്ലം: കള്ളനോട്ട് കേസിലെ പ്രതി വെസ്റ്റ് കൈക്കുളങ്ങര സ്വദേശി സിബിയോണിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയയാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മനുവിനെയാണ് കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ‌‌

നോട്ട് ഇരട്ടിപ്പിക്കൽ ഇടപാടിൽ സിബിയോൺ കബളിപ്പിച്ചതിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.


മനുവും സിബിയോണും തമ്മിൽ കള്ളപ്പണം ഇരട്ടിപ്പിക്കുന്ന ഇടപാടാണ് നടന്നിരുന്നത്. 28 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് ഇരുവരും തമ്മിലുണ്ടായിരുന്നതായാണ് വിവരം. 


35 ലക്ഷം രൂപ നൽകിയാൽ അഞ്ച് കോടി രൂപ തിരികെ നൽകാമെന്നായിരുന്നു സിബിയോണിന്റെ വാഗ്ദാനം. ഇതനുസരിച്ച് മനു പണം നൽകിയെങ്കിലും വാഗ്ദാനം ചെയ്ത തുക തിരികെ ലഭിച്ചില്ല. ഇതോടെയാണ് സിബിയോണിനോട് വൈരാഗ്യമുണ്ടായതെന്നും തുടർന്ന് തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയെന്നുമാണ് കണ്ടെത്തൽ. 

സംഭവത്തിൽ ഗുണ്ടാസംഘങ്ങൾക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റിലായ മനുവിനെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.


സിബിയോണിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഭാര്യ നൽകിയ പരാതിയോടെയാണ് സംഭവത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. അജ്ഞാത സംഘം ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. 


പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സിബിയോൺ നേരിട്ട് സ്റ്റേഷനിലെത്തി. തട്ടിക്കൊണ്ടുപോയവരിൽ നിന്ന് തന്ത്രപരമായി രക്ഷപ്പെട്ട് തിരിച്ചെത്തിയതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം.

എന്നാൽ സിബിയോണിന്റെ മൊഴികളിലും പെരുമാറ്റത്തിലും പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ കള്ളനോട്ട് ശേഖരം കണ്ടെത്തിയത്. ഇതോടെയാണ് കള്ളനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.

Get more updates from Pudukad News on Google